ഈസ്റ്റര്‍ ദിന ആക്രമണം തടയാനായില്ല; ശ്രീലങ്കയില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും പോലിസ് മേധാവിയും അറസ്റ്റില്‍

മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, പോലിസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Update: 2019-07-02 14:59 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 258 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശ്രീലങ്കയില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയെയും പോലിസ് മേധാവിയെയും പോലിസ് അറസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, പോലിസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണം സംബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നെങ്കിലും ഇവ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത സുരക്ഷാ സ്ഥാനം വഹിച്ചിരുന്നവരെ ചികില്‍സയില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്. ഹേമസിരി ഫെര്‍ണാണ്ടോയെ നാഷനല്‍ ഹോസ്പിറ്റലില്‍ നിന്നും നിര്‍ബന്ധിതാവധിയില്‍ പോയിരുന്ന പുജിത് ജയസുന്ദരയെ നരഹന്‍പിത പോലിസ് ഹോസ്പിറ്റലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്താമെന്നും അറ്റോര്‍ണി ജനറര്‍ നിയമോപദേശം നല്‍കിയിരുന്നു. ഇവര്‍ക്കു പുറമെ വീഴച വരുത്തിയ മറ്റ് 9 പോലിസുകാരുടെ വിവരങ്ങള്‍ കൂടി അറ്റോര്‍ണി ജനറല്‍ ആക്റ്റിങ് പോലിസ് മേധാവിക്ക് കൈമാറിയതായാണു വിവരം. ഇവര്‍ക്കെതിരേയും ഉടന്‍ നടപടികളുണ്ടായേക്കും.



Tags: