സൗദിയില്‍ മാളുകള്‍ അടച്ചിടാന്‍ നിര്‍ദേശം; സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അവധി പരിഗണനയില്‍

സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാരെ കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ മുഖേനയും വീടുകളില്‍വച്ചു ജോലികള്‍ ചെയ്യുന്നതിനാവശ്യമായ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശിച്ചിരുന്നു. ഗര്‍ഭിണികള്‍, ആരോഗ്യപ്രയാസമുള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും അവധി അനുവദിക്കണം.

Update: 2020-03-16 17:59 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റ ഭാഗമായി സൗദിയില്‍ എല്ലായിടങ്ങളിലും മാളുകളും കച്ചവട കോംപ്ലക്‌സുകളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. സുപ്പര്‍ മാര്‍ക്കറ്റിനും ഫാര്‍മസികള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. ഇന്ന് പുതിയതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആയി. ഇവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. രോഗികളുമായി ഇടപഴകിയവര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യകമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്ന കാര്യത്തെക്കുറിച്ച് പഠിച്ചുവരികയാണെന്ന് സൗദി ആരോഗ്യമന്ത്രാലയം അറയിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാരെ കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ മുഖേനയും വീടുകളില്‍വച്ചു ജോലികള്‍ ചെയ്യുന്നതിനാവശ്യമായ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശിച്ചിരുന്നു. ഗര്‍ഭിണികള്‍, ആരോഗ്യപ്രയാസമുള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും അവധി അനുവദിക്കണം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ 16 ദിവസത്തെ അവധി അനുവദിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറിക്കിയിരുന്നു. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധമന്ത്രാലയങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. മാളുകളിലെയും ഷോപ്പിങ് കോംപ്ലക്‌സുകളിലെയും ഭക്ഷണം ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം. ഇവര്‍ സ്റ്റെര്‍ലൈസേഷനുള്ള സംവിധാനം സജ്ജീകരിക്കണം. 24 മണിക്കൂര്‍ സേവനത്തിനും സന്നദ്ധമാവണം.

ഫാര്‍മസികള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം. ഷോപ്പിങ് കോംപ്ലക്‌സുകളിലെ ഭക്ഷണത്തിന്റേതല്ലാത്ത ഒരു സ്ഥാപനവും തുറക്കാന്‍ പാടില്ല. എന്നാല്‍, ഷോപ്പിങ് കോംപ്ലക്‌സുകളിലല്ലാതെ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര, വാണിജ്യസ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ഇവ ഏതൊക്കെയെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും. രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനിശ്ചിത കാലത്തേക്ക് താല്‍ക്കാലികനിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും പാര്‍സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം സ്ഥാപനത്തില്‍തന്നെ കഴിക്കുന്നത് നിരോധിച്ചു.

24 മണിക്കൂറും ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. വിനോദത്തിനായി ഒത്തുകൂടുന്നതും നിരോധിച്ചു. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാംപ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലും ആളുകള്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലെ മുഴുവന്‍ ലേലം വിളികള്‍ക്കും പ്രക്രിയകള്‍ക്കും നിരോധനം പ്രാബല്യത്തിലായി. സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള എല്ലാവിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. വിവിധ കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍വഴി മാത്രം അന്വേഷണങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

Tags:    

Similar News