യുദ്ധ ഭ്രാന്തിന്റെ മറവില്‍ അധികാരത്തിലേറാനാണ് മോദിയുടെ ശ്രമമെന്നു ഇമ്രാന്‍ഖാന്‍

Update: 2019-04-06 10:10 GMT

ഇസ്‌ലാമാബാദ്: യുദ്ധപ്രതീതിയുണ്ടാക്കിയും ആക്രമണങ്ങളെ കുറിച്ചു പറഞ്ഞും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു അധികാരത്തിലേറാനാണ് മോദിയുടെ ശ്രമമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാകിസ്താന്റെ എഫ്16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണു ഇമ്രാന്‍ഖാന്റെ പ്രസ്താവന. തങ്ങളുടെ എഫ് 16 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തിട്ടില്ലെന്നു അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെ വ്യക്തമാക്കി. എന്നാല്‍ വെടിവച്ചിട്ടുവെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. ഇത്തരം വാദങ്ങളും മറ്റും നിരന്തരം ഉയര്‍ത്തുകയും യുദ്ധഭ്രാന്തിന്റെ മറവില്‍ അധികാരത്തിലേറാനുമാണ് മോദിയുടെ ശ്രമം. എന്നാല്‍ സത്യത്തിനാണ് അന്തിമ വിജയമെന്നത് നാം മറക്കരുത്- പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തെ തുടര്‍ന്ന് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ആവര്‍ത്തിച്ചു വെള്ളിയാഴ്ചയും ഇന്ത്യന്‍ വ്യാമസേന രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും പാകിസ്താന്റെ എഫ്16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തതില്‍ കുറവൊന്നുമില്ലെന്നും അമേരിക്ക കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച വാദം ആവര്‍ത്തിച്ചു ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്. 

Tags:    

Similar News