സമൂഹ അടുക്കളയില്‍ ബിരിയാണി വിളമ്പി ഇരിങ്ങാലക്കുട രൂപതയുടെ ഈസ്റ്റര്‍ ആഘോഷം

Update: 2020-04-12 11:58 GMT

മാള: ഈസ്റ്റര്‍ ദിനത്തില്‍ മാളയിലെ സമൂഹ  അടുക്കളയില്‍ വിളമ്പിയത് കോഴി ബിരിയാണി. ഇരിങ്ങാലക്കുട രൂപത ബിഷപ്പിന്റെ ആഹ്വാന പ്രകാരം മാള ഇടവകയുടെ സഹകരണത്തോടെ ഈസ്റ്റര്‍ ദിനമായ ഇന്നലെ മാള ഗ്രാമപഞ്ചായത്തിന്റെ സമൂഹ  അടുക്കളയില്‍ തയ്യാറാക്കി നല്‍കിയത് 400 ചിക്കന്‍ ബിരിയാണി പൊതികളാണ്.

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ അഗതികള്‍ക്കും അശരണര്‍ക്കുമുള്ള ഈസ്റ്റ്ര്‍ സമ്മാനമായിട്ടാണ് ഈ ഭക്ഷണ പൊതികള്‍ തയ്യാറാക്കി നല്‍കിയത്.

വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ബിരിയാണി വിളമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. മാള ഫൊറോന വികാരി ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി, അസി. വികാരി ഫാ. അനൂപ് പാട്ടത്തില്‍ പറമ്പില്‍, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, മാള ഇടവക കൈക്കാരന്‍മാരായ ഡേവീസ് പാറേക്കാട്ട്, ബാബു കളപറമ്പത്ത്, പ്രതിപക്ഷ നേതാവ് ടി കെ ജിനേഷ്, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് സ്വാഗതവും സമൂഹ  അടുക്കളയുടെ ചുമതലയുള്ള പി കെ സുകുമാരന്‍ നന്ദിയും പറഞ്ഞു. കാവനാട് സ്വദേശി ഫെബിനാണ് ബിരിയാണി തയ്യാറാക്കിയത്. 

Similar News