പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അറസ്റ്റില്‍

Update: 2024-04-28 10:25 GMT
ന്യൂഡല്‍ഹി: മുസ് ലിങ്ങള്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ബിക്കാനീര്‍ ന്യൂനപക്ഷ സെല്‍ മുന്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഗനിയെയാണ് സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തത്. അതേസമയം, മോദിയുടെ പ്രസംഗത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ വിശദീകരണം നല്‍കിയേക്കും.

രാജസ്ഥാനിലെ ബന്‍സ്വാരയിലെ റാലിയില്‍ 21 ന് മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഉസ്മാന്‍ ഗനിയെ നേരത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇന്നലെ മുക്ത നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുസ് ലിം വിഭാഗക്കാര്‍ കടുത്ത അതൃപ്തിയിലാണെന്നും പ്രചാരണത്തിന് പോകുമ്പോള്‍ ജനങ്ങള്‍ മോദിയുടെ പരാമര്‍ശത്തില്‍ തന്നോടാണ് വിശദീകരണം ചോദിക്കുന്നതെന്നും ഗനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗനി മാധ്യമങ്ങളോട് പ്രതികരിച്ച ദിവസം മുന്‍കരുതലെന്നോണം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താന്‍ പോലിസ് വാഹനം അയച്ചിരുന്നു. വാഹനം അയച്ചത് ചോദ്യം ചെയ്ത് സ്റ്റേഷനിലെത്തിയ ഗനി ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രാജസ്ഥാന്‍ പോലിസ് അറിയിച്ചു.

ഇതിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി അനുരാഗ് താക്കൂറിന്റെ ഹിമാചല്‍ പ്രദേശിലെ പ്രസംഗത്തെിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുകയാണ്. പ്രസംഗത്തിനെതിരെ നേരത്തെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കമ്മീഷന്റെ നിലപാട് സമൂഹമാധ്യമങ്ങളിലൂടെയടക്കം തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.






Tags:    

Similar News