പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം: എഡിജിപി ഇന്റലിജന്‍സ് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പോലിസ് അതിക്രമത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് രാജു നല്‍കിയ ഹരജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യത്തില്‍ പോലിസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്

Update: 2019-06-06 12:27 GMT

കൊച്ചി : കോട്ടയം മേലുകാവില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രാജേഷ് എന്ന യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഡിജിപി ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പോലിസ് അതിക്രമത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് രാജു നല്‍കിയ ഹരജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷിനെ മേലുകാവ് എസ്‌ഐ സന്ദീപും സംഘവും തടഞ്ഞുവെച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും മാല മോഷണ കേസില്‍ പ്രതിയാക്കുകയുമായിരുന്നുവെന്നാണ് ആരോപണം. പോലിസിന്റെ അതിക്രമം ഫേസ് ബുക്കില്‍ വെളിപെടുത്തിയ ശേഷമായിരുന്നു മാര്‍ച്ച് ആറിന് രാജേഷ് ആത്മഹത്യ ചെയ്തത്. പോലീസിന്റെ നടപടിയില്‍ മനംനൊന്താണ് രാജേഷ് ആത്മഹത്യ ചെയ്തതനെന്നും പറയുന്നു.നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയില്‍ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇടക്കാല ഉത്തരവിറക്കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യത്തില്‍ പോലിസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Tags:    

Similar News