അതിമാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മട്ടന്നൂര്‍, ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളില്‍ ലഹരിയെത്തിക്കുന്ന ഇയാള്‍ ലഹരി മരുന്ന് കടത്തുന്ന പ്രധാനിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു

Update: 2019-07-11 10:23 GMT

കണ്ണൂര്‍: അതിമാരക ലഹരിമരുന്നായ എംഡിഎംഎ(മെത്തലിന്‍ ഡൈയോക്‌സി മെത്ത് ആംഫിറ്റാമിന്‍)യുമായി ശിവപുരം പാങ്കളം സ്വദേശി നുള്ളിക്കോടന്‍ ഹൗസില്‍ എന്‍ ജംഷീറി(23)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെഎല്‍ 58 എല്‍ 1058 സ്വിഫ്റ്റ് കാറില്‍ 15 ഗ്രാം എംഡിഎംഎയുമാി യുവാവിനെ പിടികൂടിയത്. മട്ടന്നൂര്‍, ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളില്‍ ലഹരിയെത്തിക്കുന്ന ഇയാള്‍ ലഹരി മരുന്ന് കടത്തുന്ന പ്രധാനിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ രഹസ്വാന്വേഷണഭാഗമായി ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് ജംഷീറിനെക്കുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു മാസങ്ങളോളം നിരീക്ഷച്ച ശേഷം ബംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് കടത്തികൊണ്ടു വരുന്നുവെന്ന് അറിഞ്ഞാണ് പിടികൂടിയത്. ഇയാള്‍ക്കെതിരേ നേരത്തേ കണ്ണൂര്‍ ജില്ലയിലെ എക്‌സൈസ് ഓഫിസുകളില്‍ ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

    വന്‍കിട നഗരങ്ങളില്‍ നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന പാര്‍ട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന എംഡിഎംഎ ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുമെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വെറും രണ്ട് ഗ്രാം കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിമരുന്നാണിത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ജില്ലയിലേക്കു ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡംഗം പി ജലീഷ്, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡംഗം കെ ബിനീഷ്, പ്രിവന്റീവ് ഓഫിസര്‍ വി സുധീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, സി വി റിജുന്‍, എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളില്‍ മദ്യ-മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. പ്രതിയെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര നാര്‍കോട്ടിക് കോടതിയില്‍ നടക്കും.



Tags: