സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥരുടെ നിയമന കാലാവധി: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ പദവികളിലെ നിയമന കാലാവധി ഏകീകരിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയാണ് ഹരജി നല്‍കിയത്. ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.ദുരുദ്ദേശപരമായാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഉന്നത വിദ്യഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Update: 2019-04-02 15:07 GMT

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നിയമന കാലാവധി 56 വയസായി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ പദവികളിലെ നിയമന കാലാവധി ഏകീകരിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്, എം ജി സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ എബ്രഹാം ജെ പുതുമന, പരീക്ഷാ കണ്‍ട്രോളര്‍ എം തോമസ് ജോണ്‍, കാലിക്കറ്റ് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടി, കണ്ണൂര്‍ രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, കുസാറ്റ് രജിസ്ട്രാര്‍ ഡോ. എസ് ഡേവിഡ് പീറ്റര്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി. ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തളളി.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുകയോ 56 വയസ് പിന്നിടുകയോ ചെയ്താല്‍ സ്ഥാനം ഒഴിയണമെന്നു നിര്‍ദ്ദേശിക്കുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ദുരുദ്ദേശപരമായാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഉന്നത വിദ്യഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവെന്നായിരുന്നു സര്‍ക്കാര്‍ വാദം. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെ സാധാരണ ജീവനക്കാരെ പോലെ കാണാനാവില്ല. ഇവര്‍ നിര്‍ണായകമായ പല ചുമതലകളുമുള്ളവരുമാണ്. സേവന -വേതന വ്യവസ്ഥകളും വ്യത്യസ്ഥമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News