സ്വര്‍ണക്കടത്ത്: അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ കോടതിയില്‍

കേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നതാണ്.

Update: 2020-10-09 15:32 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു എന്‍ഐഎ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നതാണ്.

എന്‍ഐഎയുടെ അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. അതിനിടെ, യുഎഇ കോണ്‍സുലേറ്റിന്റ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍ഐഎയുടെ അപേക്ഷ. യുഎഇയില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ 90 ദിവസം കൂടി വേണമെന്നാണ് എന്‍ഐഎയുടെ വാദം. രഹസ്യ മൊഴി നല്‍കിയ ശേഷം ജീവനു ഭീഷണിയുണ്ടെന്നും വിയ്യൂര്‍ ജയിലില്‍ നിന്നു തന്നെ മാറ്റ്ണമെന്നു കേസിലെ നാലാം പ്രതി സന്ദീപ് നായര്‍ എന്‍ഐഎ കോടതിയോട് ആവശ്യപ്പെട്ടു.

Tags: