തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കേസ് സിബിഐ ഏറ്റെടുത്തു

കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഐ കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല.

Update: 2019-05-30 04:30 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. സ്വർണക്കടത്തിൽ താൽക്കാലിക ജീവനക്കാർക്കു പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സിബിഐ കേസേറ്റെടുത്തത്.

കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഐ കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തുനിന്നും കൊണ്ടുവന്നിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അഭിഭാഷകനായ ബിജുമോഹന്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലുള്ള തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിങ് കോപ്ലക്‌സിലെ ഒരു ജ്വല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബയിലേക്ക് യാത്രചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്.

ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. പ്രകാശ് തമ്പി വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നു. ഡിആര്‍ഐ അന്വേഷിക്കുന്ന കേസിലെ പ്രധാനപ്രതിയായ മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു, ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജറായിരുന്നു. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന വിമാനത്താവളത്തിലെ ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

Tags:    

Similar News