അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

യുഎപിഎ അറസ്റ്റിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത പ്രതിസന്ധി ദിവസം കഴിയുംതോറും രൂക്ഷമാവുകയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു

Update: 2019-11-20 04:26 GMT

കൊച്ചി: മാവോവാദി അനുകൂല ലഘുലേഖകള്‍ കൈവശം വെച്ച കേസില്‍ യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍ ചികിത്സയിലാണെന്നും പോലിസ് കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വീടുകളില്‍ നിന്ന് പിടിച്ചെടുത്തെന്ന് പോലിസ് പറയുന്ന ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം യുഎപിഎ അറസ്റ്റിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത പ്രതിസന്ധി ദിവസം കഴിയുംതോറും രൂക്ഷമാവുകയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു.  

Tags:    

Similar News