അലന്റെയും താഹയുടെയും യുഎപിഎ അറസ്റ്റിനെതിരേ സിപിഎം ഏരിയ കമ്മിറ്റി പ്രമേയം

അലൻറെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലഘു ലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തുവാനുള്ള കുറ്റമല്ല.

Update: 2019-11-03 03:40 GMT

കോഴിക്കോട്: മാവോവാദി ലഘുലേഖകൾ കൈവശം വെച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകരായ രണ്ടു യുവാക്കളെ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്തതിനെതിരേ സിപിഎം ഏരിയാ കമ്മിറ്റി. സംഭവത്തിൽ പൊലീസിനെതിരേ സി പി എം ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് പൊലീസിന്റേതെന്ന് പാർട്ടി പ്രമേയത്തിൽ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട അലൻറെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലഘു ലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തുവാനുള്ള കുറ്റമല്ല. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ധൃതി പിടിച്ച് പോലിസ് യുഎപിഎ ചുമത്തുകയായിരുന്നു. പൊലിസിന്റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യുഎപിഎ നിയമത്തിന്റെ ദുരുപയോഗവുമാണ്. ഈ നടപടി പിൻവലിക്കണമെന്നും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രണ്ട് വിദ്യാർഥികളെ മാവോവാദി ബന്ധം ആരോപിച്ച് പോലിസ് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിയും സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ് (20), കോഴിക്കോട്ട് ജേണലിസം വിദ്യാർഥിയും സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി പന്തീരാങ്കാവിൽ അറസ്റ്റിലായത്.

ഇന്നലെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. യുഎപിഎക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും പോരാടുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിൽ തന്നെ രണ്ട് യുവാക്കളെ അതേ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

Tags:    

Similar News