യുഎപിഎ അറസ്റ്റ്; പോലിസ് സൃഷ്ടിയെന്ന ആരോപണം ശക്തമാക്കി യുവാക്കളുടെ ബന്ധുക്കൾ

കഞ്ചാവ് കേസിൽ കുടുക്കാതിരിക്കാൻ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കണമെന്ന് പോലിസ് മകനെ നിർബന്ധിച്ചുവെന്നും താഹയുടെ അമ്മ ജമീല വെളിപ്പെടുത്തി

Update: 2019-11-03 01:23 GMT

കോഴിക്കോട്: പന്തിരാങ്കാവിലെ യുഎപിഎ ചുമത്തിയുള്ള അറസ്റ്റ് പോലിസ് സൃഷ്ടിയെന്ന ആരോപണം ശക്തമാക്കി യുവാക്കളുടെ ബന്ധുക്കൾ. തെളിവെടുപ്പിനായി വീട്ടിലെത്തിച്ച താഹ ഫസലിനെ പോലിസ് നിർബന്ധിച്ച് മാവോവാദി അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല പറ‌‌ഞ്ഞു.

അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധമുള്ളവരായി ചിത്രീകരിക്കാൻ പോലിസ് നടത്തിയ നാടകീയ ശ്രമങ്ങൾ ഓരോന്നായി പുറത്തവരികയാണ്. കഞ്ചാവ് കേസിൽ കുടുക്കാതിരിക്കാൻ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കണമെന്ന് പോലിസ് മകനെ നിർബന്ധിച്ചുവെന്നും താഹയുടെ അമ്മ ജമീല വെളിപ്പെടുത്തി. ഈ ആരോപണത്തെ ശക്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പോലിസ് മർദ്ദിച്ച വിവരം പറഞ്ഞയുടൻ ഉദ്യോഗസ്ഥർ താഹയുടെ വായ പൊത്തിപ്പിടിച്ചെന്നും ജമീല ആരോപിച്ചു. മാവോവാദി അനുകൂല പ്രസിദ്ധീകരണങ്ങൾ എന്ന വ്യാജേന പോലിസ് എടുത്തുകൊണ്ട് പോയത് താഹയുടെ പാഠ പുസ്തകങ്ങളാണ്. അയൽവാസികളെ വിളിച്ച് വരുത്തിയ ശേഷം മുദ്രാവാക്യം വിളിപ്പിച്ചത് സാക്ഷികളെ ഉണ്ടാക്കാൻ വേണ്ടിയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതേ സമയം വീട്ടിൽ നിന്ന് മാവോവാദി അനുകൂല ലഘുലേഖകൾ കിട്ടിയെന്ന വാദം തെറ്റാണെന്ന് അലൻ ഷുഹൈബിന്‍റെ അമ്മ സബിത മഠത്തിൽ പറഞ്ഞു. യുവാക്കളുടെ മാവോവാദി ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് ആവർത്തിക്കുമ്പോഴും കേസ് കെട്ടിച്ചമച്ചതാണെന്ന അരോപണം കൂടുതൽ മുറുക്കുകയാണ് യുവാക്കളുടെ ബന്ധുക്കൾ. 

Tags:    

Similar News