എന്‍ജിന്‍ തകരാര്‍: ആലപ്പുഴയില്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

പരിശീലന പറക്കലിനിടെയാണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ തുറവൂര്‍ ചമ്മനാട്ടമ്മ ക്ഷേത്രത്തിന്റെ മൈതാനത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു.

Update: 2019-01-16 12:25 GMT

ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടര്‍ന്ന് നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. പരിശീലന പറക്കലിനിടെയാണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. നാവിക സേനയുടെ ഐഎന്‍ 429 ചേതക് ഹെലികോപ്റ്ററാണ് തുറവൂര്‍ ചമ്മനാട് സ്‌കൂള്‍ മൈതാനിയില്‍ അടിയന്തരമായി ഇറക്കിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു അടിയന്തര ലാന്റിങ്.

സാധാരണ നടത്താറുളള പറക്കലിന്റെ ഭാഗമായിട്ടായിരുന്നു ഹെലികോപ്റ്റര്‍ കൊച്ചിയിലെ നാവിക ആസ്ഥാനത്തുനിന്നും പറന്നുയര്‍ന്നത്. പറക്കല്‍ ആരംഭിച്ച് അല്‍പസമയത്തിനുശേഷം എന്‍ജിന്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി താഴെയിറക്കുകയായിരുന്നു. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്നും അടിയന്തര ലാന്റിങ്ങുമൂലം ഹെലികോപ്റ്ററിനു കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് നാവിക സേനയുടെ 14 അംഗ സാങ്കേതിക വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്ന് റോഡ് മാര്‍ഗം ട്രെയ്‌ലറില്‍ ഹെലികോപ്റ്റര്‍ നാവിക ആസ്ഥാനത്തെത്തിക്കുമെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു.




Tags:    

Similar News