ശബരിമല വിഷയം പ്രചാരണമാക്കുന്നതിനു വിലക്ക്‌

ചട്ടലംഘനമാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2019-03-11 10:49 GMT
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീകാ റാം മീണ വ്യക്തമാക്കി. പ്രചാരണത്തിന് ഉപയോഗിക്കുകയാണെങ്കില്‍ സുപ്രിംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനവുമാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ബാലാകോട്ട് സൈനികാക്രമണം തിരഞ്ഞെടുപ്പ് പ്രചാരതത്തിന് ഉപയോഗിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലക്കിയിരുന്നു. ബിജെപി പോസ്റ്ററില്‍ സൈനികരുടെ ചിത്രം വന്നതിനെ ശക്തമായ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കരുത്. വിഷയത്തില്‍ അടുത്ത ദിവസം തന്നെ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ഏതുഘട്ടം വരെ ഇതിന്റെ പരിധിയാകാമെന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ടീകാ റാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതം, ജാതി, സമുദായം തുടങ്ങിയവയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം ഫോം 26ല്‍ രേഖപ്പെടുത്തണം. ഇത് തെറ്റാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരും വിശ്വസിക്കരുത്. ജനങ്ങള്‍ക്കിടയില്‍ സംശയവും ഭയവും പ്രചരിപ്പിക്കാനുള്ള ശ്രനം കുറ്റകൃത്യമായി കണക്കാക്കി നടപടിയെടുക്കും. ആരോപണം ഉന്നയിക്കുന്ന വര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.


പ്രധാന നിര്‍ദേശങ്ങള്‍:

* തിരഞ്ഞെടുപ്പ് ഓഫിസില്‍ ഹെല്‍പ് ലൈന്‍: 18004251966

* വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ് ലൈന്‍: ടോള്‍ഫ്രീ നമ്പര്‍-1950

*സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍: 2,54,08,711.

* പുരുഷന്‍മാര്‍: 1,22,97,403

* സ്ത്രീകള്‍: 1,31,11,189

* ട്രാന്‍സ്‌ജെന്‍ഡര്‍: 119

* കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍: 30,47,923

* കുറവ് വയനാട്: 5,81,245

* സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: 70 ലക്ഷം

* 10,000 രൂപയ്ക്ക് മുകളിലുള്ള ചെലവ് ചെക്ക്, ഡ്രാഫ്റ്റ് വഴി മാത്രം

* വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം

* പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേരുചേര്‍ക്കാം

* വിവിപാറ്റ്, വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തു

* 16ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വോട്ടിങ് യന്ത്രം പ്രദര്‍ശിപ്പിക്കും

* പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ അറിയിക്കാം

* മൊബൈലില്‍ വീഡിയോ, ചിത്രങ്ങള്‍ എടുത്ത് ആര്‍ക്കും അയക്കാം

* അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്കെത്തി ഉടന്‍ നടപടിയുണ്ടാവും




Tags:    

Similar News