സ്വച്ഛതാ ദേശീയ അവാര്‍ഡ് പെരിന്തല്‍മണ്ണ നഗരസഭ ഏറ്റുവാങ്ങി

2 ലക്ഷം രൂപയും ഷീല്‍ഡുമടങ്ങുന്ന എക്‌സലന്‍സ് അവാര്‍ഡ് കേന്ദ്ര ധനകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്രയില്‍ നിന്ന് പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി

Update: 2019-02-16 11:41 GMT

പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018-19 വര്‍ഷത്തെ 2 ലക്ഷം രൂപയും ഷീല്‍ഡുമടങ്ങുന്ന എക്‌സലന്‍സ് അവാര്‍ഡ് കേന്ദ്ര ധനകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്രയില്‍ നിന്ന് പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പ്രഖ്യാപിച്ച അവാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ചെയര്‍മാന്റെ വാര്‍ഡ് കൂടിയായ 11ാം വാര്‍ഡ് പഞ്ചമ ജീവനം കുടുംബശ്രീ യൂനിറ്റിനാണ് ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛതാ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്. നഗരസഭാ ജീവനീ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധങ്ങളായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ഖര-ജൈവ മാലിന്യങ്ങളുടെ ശാസ്ത്രീ സംസ്‌കരണം, വീടുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചിട്ടുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം, മാലിന്യം റീസൈക്കിള്‍ ചെയ്ത് പുനഃചംക്രമണ ഉപയോഗത്തിന് വിധേയമാക്കല്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ മേഖലകള്‍ പരിശോധിച്ചാണ് നഗരസഭ അവാര്‍ഡിനര്‍ഹമായത്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ ഹാള്‍ നമ്പര്‍ 5ല്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനെ കൂടാതെ കുടുംബശ്രീ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഹരികിഷോര്‍, സ്‌റ്റേറ്റ് മിഷന്‍ മാനേജര്‍(എന്‍യുഎല്‍എം) കെ ജയ്‌സണ്‍, നഗരസഭ സിറ്റി സാനിറ്റേഷന്‍ മാനേജര്‍ സുബൈറുല്‍ അവറാന്‍, ജീവനം സൊലൂഷന്‍ സെക്രട്ടറി എം അമ്മിണി, നഗരസഭ പതിനൊന്നാം വാര്‍ഡ് ജീവനം സൂപര്‍വൈസര്‍ കെ പി അംബുജം പങ്കെടുത്തു.




Tags: