പോലിസില്‍ നിന്ന് കാണാതായ തോക്കുകള്‍ ഏത് കേന്ദ്രത്തിലേക്കാണ് കടത്തിയതെന്ന് അന്വേഷിക്കണം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി 'രേഖകള്‍ കാണിക്കില്ല പൊരുതാനാണ് തീരുമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ് മൗലവി .

Update: 2020-02-13 05:15 GMT

പരപ്പനങ്ങാടി: സംസ്ഥാനത്തെ പോലിസ് സേനയില്‍ നിന്ന് കാണാതായ ആയുധശേഖരങ്ങള്‍ ഏത് കേന്ദ്രത്തിലേക്കാണ് കടത്തിയതെന്ന് കണ്ടെത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ എസ്ഡിപിഐ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടായിരത്തിലധികം തിരകളും, നിരവധി തോക്കുകളും കാണാതായ സംഭവം പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ പോലിസ് തലപ്പത്തുള്ള പലര്‍ക്കും സംഘപരിവാരവുമായി അടുത്ത ബന്ധമുണ്ടെന്നതിന് നിരവധി തെളിവുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തോക്കുകള്‍ സംഘപരിവാര കേന്ദ്രത്തിലേക്ക് എത്തിയോ എന്നതും അന്വേഷണ പരിതിയില്‍ വരണമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

ജനകീയ സമരങ്ങളില്‍ നുഴഞ്ഞ് കയറ്റക്കാരെ തിരയുന്ന ആഭ്യന്തരം കൈയ്യാളുന്ന പിണറായി വിജയന്‍ പോലിസിലെ ഇത്തരം നുഴഞ്ഞ്കയറ്റക്കാരെ കണ്ടില്ലന്ന് നടിക്കുകയാണന്നും, ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി 'രേഖകള്‍ കാണിക്കില്ല പൊരുതാനാണ് തീരുമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പരിപാടിയില്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, മുന്‍സിപ്പല്‍ കമ്മറ്റി അംഗങ്ങളായ ഇസ്ഹാഖ്, ഹാരിസ് തങ്ങള്‍ സംസാരിച്ചു.

Tags:    

Similar News