എസ്ബിഐ ബാങ്ക് ആക്രമണം: 6 എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി

സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, നേതാക്കളായ സുരേഷ്, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയില്‍ ഹാജരാക്കും. ഇതോടെ ഒരു പ്രതി ഒഴികെ എല്ലാവരും പിടിയിലായി.

Update: 2019-01-14 17:42 GMT

തിരുവനന്തപുരം: എസ്ബിഐ ബാങ്ക് അക്രമണകേസിലെ പ്രതികളായ ആറ് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, നേതാക്കളായ സുരേഷ്, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയില്‍ ഹാജരാക്കും. ഇതോടെ ഒരു പ്രതി ഒഴികെ എല്ലാവരും പിടിയിലായി. ദേശീയ പണിമുടക്കിന്റെ രണ്ടാംദിനമാണ് സെക്രട്ടേറിയറ്റിന് സമീപം തുറന്നുപ്രവര്‍ത്തിച്ച എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ അതിക്രമിച്ചുകയറി അടിച്ചുതകര്‍ത്തത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കള്‍ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.

പ്രതികള്‍ തിരുവനന്തപുരം നഗരത്തില്‍ത്തന്നെയുണ്ടെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടും പോലിസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണമൊരുക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, ആറുദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു. സിപിഎമ്മിലെ ചില നേതാക്കളുടെ സഹായത്തില്‍ ഒളിവില്‍ കഴിഞ്ഞ് കേസ് ഒത്തുതീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, ഇവര്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ നോട്ടീസ് നല്‍കിയും വീടുകളില്‍ തിരച്ചില്‍ നടത്തിയും പോലിസ് സമ്മര്‍ദം ശക്തമാക്കുകയും ഒത്തുതീര്‍പ്പിന് ബാങ്ക് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് കീഴടങ്ങലുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു. ആകെയുള്ള 9 പ്രതികളില്‍ 8 പേരും പിടിയിലായി. അവശേഷിക്കുന്ന അജയകുമാറിന് അക്രമണത്തില്‍ പങ്കില്ലെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ആക്രമണ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തുമെന്നാണ് പോലിസ് വ്യക്തമാക്കി.

Tags:    

Similar News