മത്തിയുടെ ലഭ്യത കുറയുന്നു;മല്‍സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍

കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുതല്‍ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. മത്തിയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎല്‍എസ്) 10 സെ.മി.യില്‍ നിന്നും 15 സെ.മി. ആയി ഉയര്‍ത്തണം.മത്തിയുടെ ലഭ്യത പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കും.ഇതിന് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനം നടത്തും

Update: 2019-08-06 12:14 GMT

കൊച്ചി: മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മല്‍സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ദര്‍. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവര്‍. സിഎംഎഫ്ആര്‍ഐക്ക് പുറമെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്), ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷന്‍സ് സെന്റര്‍, പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റീരിയോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഫിഷറീസ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുതല്‍ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍ കാലാവസ്ഥയും മറ്റ് ഘടകങ്ങളും അനുകൂലമാകുന്നതോടെ മത്തി ലഭ്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.മത്തിയുടെ ലഭ്യതയെകുറിച്ച് ദീര്‍ഘാകാലാടിസ്ഥാനത്തില്‍ പ്രവചനം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കും. ഇതിന് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനം നടത്തും. മത്തിയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎല്‍എസ്) 10 സെ.മി.യില്‍ നിന്നും 15 സെ.മി. ആയി ഉയര്‍ത്തണം.


മത്തി കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. എല്‍നിനോയെ തുടര്‍ന്നുണ്ടാകുന്ന പ്രതികൂല ഘടകങ്ങള്‍, വളര്‍ച്ചാമുരടിപ്പ്, പ്രജനനത്തിലെ താളപ്പിഴ, മറ്റ് സ്ഥലങ്ങളിലേക്കുള്ള പാലായാനം, തുടര്‍ച്ചയായ അമിതമത്സ്യബന്ധനം തുടങ്ങിയവ ഇവയില്‍ ചിലതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് ഈയിടെ സിഎംഎഫ്ആര്‍ഐക്ക് പ്രവചിക്കാനായത് ഈ മേഖലയിലെ പഠനത്തില്‍ ഒരു പ്രധാന വഴിത്തിരിവാണെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും സ്ഥിരമായും നടത്തേണ്ടതുണ്ട്. ഇതിന്്കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം എന്നീ മേഖലകളില്‍ പഠനം നടത്തുന്ന സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനം ആവശ്യമാണ്. ഒമാന്‍ ചാളയടക്കം ഒരേ ജനിതകഘടനയുള്ള മൂന്ന് തരം മത്തിയാണുള്ളത്. എന്നാല്‍, ഇവയ്ക്ക് വെവ്വേറെ പരിപാലനരീതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്തിയുടെ ജീനോം ഘടനയുമായി ബന്ധപ്പെട്ട പഠനം സിഎംഎഫ്ആര്‍ഐ ഈ വര്‍ഷാവസാനം പൂര്‍ത്തിയാക്കുമെന്നും ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോ പ്രതിഭ രോഹിത്, ഡോ പി കെ ദിനേഷ് കുമാര്‍, ഡോ ലീല എഡ്വിന്‍, ഡോ നിമിത്ത് കുമാര്‍, ഡോ ഫസീല എസ് പി, ഡോ മിനി രാമന്‍, ഡോ ഇ എം അബ്ദുസമദ് എന്നിവര്‍ ചര്‍ച്ചയ്ക്ക നേതൃത്വം നല്‍കി. സിഎംഎഫ്ആര്‍ഐയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ശാസത്രജ്ഞരും ചര്‍ച്ചിയല്‍ പങ്കെടുത്തു. സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയ 'മത്തി എന്ന മല്‍സ്യസമസ്യ' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags:    

Similar News