എസ്‌ഐയും സിപിഎം ഏരിയ സെക്രട്ടറിയും തമ്മില്‍ ഫോണില്‍ തര്‍ക്കം: ഡിസിപി അന്വേഷിക്കും

എറണാകുളം ഡിസിപി ജി പൂങ്കഴലി ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പ് നിര്‍ദേശം നല്‍കിയതായാണ് വിവരം. സംഭവം അന്വേഷിച്ച ശേഷം മൂന്ന് ദിവസത്തിനകം ഡിസിപി റിപോര്‍ട്ട് സമര്‍പിക്കും. ഇരുവരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കും

Update: 2019-09-06 10:47 GMT

കൊച്ചി: സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും എസ് ഐ അമൃതരംഗനും തമ്മില്‍ ഫോണിലൂടെയുണ്ടായ തര്‍ക്കം പ്രചരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം.എറണാകുളം ഡിസിപി ജി പൂങ്കഴലി ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പ് നിര്‍ദേശം നല്‍കിയതായാണ് വിവരം. സംഭവം അന്വേഷിച്ച ശേഷം മൂന്ന് ദിവസത്തിനകം ഡിസിപി റിപോര്‍ട്ട് സമര്‍പിക്കും. ഇരുവരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കും. കുസാറ്റ് വളപ്പില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ പോലിസ് ജീപ്പില്‍ കയറ്റിയതുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ഹുസൈനും എസ് ഐ യും തമ്മില്‍ ഫോണില്‍ തര്‍ക്കമുണ്ടായത്.

എസ്എഫ് ഐ ജില്ലാ-സംസ്ഥാന ഭാരവാഹിയാണെന്ന് അറിഞ്ഞിട്ടും വിദ്യാര്‍ഥിയെ പോലീസ് ജീപ്പില്‍ കയറ്റിയതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്.നേതൃനിരയിലുള്ള ഒരാളെ അയാള്‍ ആരാണെന്നു വെളിപ്പെടുത്തിയിട്ടും പോലിസ് ജീപ്പില്‍ കയറ്റിയതു ശരിയായില്ലെന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ നിലപാട്.വിദ്യാര്‍ഥികള്‍ തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണു ശ്രമിച്ചതെന്നും പോലീസ് ജീപ്പില്‍ കയറ്റിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ വിട്ടയച്ചതായി എസ്ഐ പറഞ്ഞിട്ടും നേതാവിന് തൃപ്തിയായില്ല.തുടര്‍ന്ന് ഇരുവരും തമ്മില്‍ ഫോണിലൂടെ രൂക്ഷമായ വാക്കേറ്റമാണ്് നടന്നത്.ഇവര്‍ തമ്മിലുള്ള സംഭാഷണം പിന്നീട് സമൂഹമാധ്യമങ്ങളിലുടെയും മറ്റും പ്രചരിച്ചതോടെയാണ് വിവാദമായത്.വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇടപ്പെട്ടിരുന്നു.

Tags:    

Similar News