എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് പരിക്ക്

Update: 2024-04-27 09:03 GMT

ഈരാറ്റുപേട്ട: എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഈരാറ്റുപേട്ട നഗരസഭയിലെ ഒന്ന്, രണ്ട് ബൂത്തുകളായ അല്‍മനാര്‍ സ്‌കൂള്‍ പരിസരത്ത് എല്‍ഡിഎഫ് കെട്ടിയ ബൂത്ത് കമ്മിറ്റി ഓഫിസിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. സ്ലിപ് വാങ്ങാന്‍ നിന്നവരായിരുന്ന പരിക്കേറ്റവര്‍. മൂന്ന് ബൈക്കിനും കേടുപാട് സംഭവിച്ചു. തൊടുപുഴ ഭാഗത്തുനിന്ന് പാല്‍ ഉല്‍പന്നങ്ങള്‍ കയറ്റിവന്ന മിനിവാനാണ് അപകടത്തില്‍പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പില്‍ തങ്കമണി, ഇടകളമറ്റത്തില്‍ സക്കീര്‍, ആലുംതറ കുഞ്ഞാമിന, ചോച്ചുപറമ്പില്‍ ബഷീര്‍, വാഴമറ്റത്തില്‍ അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടുപേരും അപകടം തരണം ചെയ്തായി ബന്ധുക്കള്‍ പറഞ്ഞു. ഈരാറ്റുപേട്ട പോലിസെത്തി അപകടത്തില്‍പെട്ട വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി.

Tags:    

Similar News