കോട്ടയത്ത് ക്ഷേത്ര മൈതാനത്ത് ആര്‍എസ്എസ് ആയുധ പരിശീലനം

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം തന്നെ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് പരിപാടികളും ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ നിര്‍ബാധം തുടരുകയാണ്

Update: 2019-02-11 12:59 GMT

കോട്ടയം: കോട്ടയം ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് ആര്‍എസ്എസിന്റെ ആയുധപരിശീലനം. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചട്ടം മറികടന്ന് ആയുധപരിശീലനം നടക്കുമ്പോഴും പോലിസും ദേവസ്വം ബോര്‍ഡും മൊനം പാലിക്കുകയാണ്. ഞായറാഴ്ച രാവിലെ നടന്ന പരിശീലനത്തില്‍ 40ലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തതായാണു റിപോര്‍ട്ട്. ട്രൗസറും ഷര്‍ട്ടുമണിഞ്ഞ് എത്തിയ പ്രവര്‍ത്തകരുടെ കൈവശം ആക്രമണത്തിന് ഉപയോഗിക്കുന്ന കുറുവടിയും ദണ്ഡുമുണ്ടായിരുന്നു. ആദ്യം കുറുവടിയും അതിന്റെ അടിതടയലും പിന്നീട് ദണ്ഡുമാണ് പരിശീലനം നല്‍കിയത്. കുറുവടി, ദണ്ഡ് പരിശീലനത്തിനു പുറമെ എതിരാളികളെ ആക്രമിക്കാനുള്ള കായികപരിശീലനവും നല്‍കുന്നുണ്ട്. ക്ഷേത്ര ഗോപുരത്തിന് മുന്‍വശമുള്ള ആല്‍ മരത്തിന്റെ ഇടതുഭാഗത്താണു പരിശീലനം. ദര്‍ശനത്തിനെത്തിയ ചിലര്‍ ഇത് ചോദ്യംചെയ്‌തെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നടയടച്ച് ദേവസ്വം അധികൃതരും മറ്റ് ജീവനക്കാരും പൂജാരിയും പോയ ശേഷം രാത്രിയില്‍ പ്രദേശത്ത് ആര്‍എസ്എസ് സ്ഥിരം ശാഖ നടത്താറുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞു. അവധി ദിവസങ്ങളിലും മറ്റും രാവിലെ ആറിനും അതിനു മുമ്പും ആയുധ പരിശീലനം നടക്കാറുണ്ട്. ആര്‍എസ്എസിന്റെ ജില്ലാ ഭാരവാഹികള്‍ക്കു പുറമെ പുറത്തുനിന്നെത്തുന്ന രഹസ്യ പ്രചാരകുമാരും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ദൂരെ ദിക്കുകളില്‍ നിന്നു പോലും യുവാക്കള്‍ ഇവിടെയെത്തി ആയുധപരിശീലനം നേടുന്നുണ്ടെന്നാണു ചിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

    നേരത്തേ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലയിലും സംസ്ഥാന വ്യാപകമായും ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആയുധപരിശീലനങ്ങളെ ലിസ്റ്റ് സഹിതം പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം തന്നെ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് പരിപാടികളും ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ നിര്‍ബാധം തുടരുകയാണ്.




Tags: