വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികള്‍ അറസ്റ്റില്‍

ചിറയിന്‍കീഴ് കട്ടയില്‍കോണം ആര്‍എസ് നിവാസില്‍ കണ്ണപ്പനെന്ന് വിളിക്കുന്ന രതീഷ് (32), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കേ അരയത്തുരുത്തില്‍ പുന്നക്കാതോപ്പ് വീട്ടില്‍ ശ്രീകണ്ഠന്‍ (36), കീഴാറ്റിങ്ങല്‍ പുത്തന്‍വിള വീട്ടില്‍ അനൂപ് (28) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഷാഡോ പോലിസിന്റെ സഹായത്തോടെ വെഞ്ഞാറമൂട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Update: 2019-05-18 14:25 GMT

തിരുവനന്തപുരം: ആനാട് ചുള്ളിമാനൂര്‍ ആറാംപള്ളിക്ക് സമീപം റിയാസ് മന്‍സിലില്‍നിന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ന്ന കേസിലെ പ്രതികളെ വെഞ്ഞാറമൂട് പോലിസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് കട്ടയില്‍കോണം ആര്‍എസ് നിവാസില്‍ കണ്ണപ്പനെന്ന് വിളിക്കുന്ന രതീഷ് (32), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കേ അരയത്തുരുത്തില്‍ പുന്നക്കാതോപ്പ് വീട്ടില്‍ ശ്രീകണ്ഠന്‍ (36), കീഴാറ്റിങ്ങല്‍ പുത്തന്‍വിള വീട്ടില്‍ അനൂപ് (28) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഷാഡോ പോലിസിന്റെ സഹായത്തോടെ വെഞ്ഞാറമൂട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മോഷണം നടന്ന് തൊട്ടടുത്ത ദിവസം മോഷണമുതലില്‍ 10 പവന്‍ ആറ്റിങ്ങലുള്ള ധനകാര്യസ്ഥാപനങ്ങളില്‍ രണ്ടും മൂന്നും പ്രതികളുടെ പേരില്‍ പണയംവച്ച് കിട്ടിയ രൂപയുമായി പ്രതികള്‍ കണ്ണൂരിലേക്കും അവിടെ നിന്ന് വിമാനമാര്‍ഗം ഗോവയിലേക്കും കടക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ അന്വേഷണസംഘവും കൂടെ തിരിച്ചു. പ്രതികള്‍ ഗോവയില്‍നിന്ന് മംഗളൂരു വഴി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്. കിളിമാനൂര്‍ പ്രവര്‍ത്തിക്കുന്ന ബാറിലെ സെക്യൂരിറ്റിക്കാരനെ വെട്ടിക്കൊലപ്പെടുത്തിയത്, കൊല്ലം കടയ്ക്കലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് 500 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്, ക്ഷേത്രക്കവര്‍ച്ച, സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് മുഖ്യപ്രതി രതീഷ്.

വെഞ്ഞാറമൂട്ടിലെയും മോഷണം നടന്ന സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ പാര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി അശോകന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് സിഐ എസ് ജയകുമാര്‍, വെഞ്ഞാറമൂട് എസ്‌ഐ വൈ തമ്പിക്കുട്ടി, ജയകുമാര്‍, റൂറല്‍ ഷാഡോ ടീം എഎസ്‌ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. 

Tags:    

Similar News