കെഎഎസിലെ മൂന്നു സ്ട്രീമിലും സംവരണം: ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തും

സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി ദ്രുതഗതിയില്‍ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

Update: 2019-03-05 06:18 GMT

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുക എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പുതിയ സംവിധാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംവരണ കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പല സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കാത്ത രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞ് വീണ്ടും നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനത്തില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് ഈ രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധമാക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിശേഷാല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുന്നോക്ക സമുദായത്തിലെ സംവരണം
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നേരത്തെ തന്നെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ തയ്യാറാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കൂടി പരിഗണിച്ച് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി ദ്രുതഗതിയില്‍ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി കെ ശശിധരന്‍നായരെയും അഡ്വ.കെ രാജഗോപാലന്‍ നായരെയും കമ്മീഷനായി നിയോഗിക്കാന്‍ തീരുമാനിച്ചു.

മുന്നോക്ക കമ്മീഷന്‍
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അത് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ ചെയര്‍മാനായുള്ള മൂന്നംഗ കമ്മീഷനെയാണ് നിയമിക്കുന്നത്.

Tags:    

Similar News