വടക്കന്‍ കേരളത്തില്‍ പേമാരി തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്.

Update: 2019-08-10 09:58 GMT

കോഴിക്കോട്: ഞായറാഴ്ച്ച സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുയാണ്. മഴ ശക്തമായി പെയ്യുന്നതോടെ വെള്ളം പൊങ്ങിയ കാസര്‍കോട് 15 ദുരിതാശ്വാസ ക്യാംപുകളിലായി 1500 പേരാണ് കഴിയുന്നത്. ഇതില്‍ 12 ക്യാംപുകളും തുറന്നത് ഇന്ന് മാത്രമാണ്. സന്നദ്ധ സംഘടനകളും ജില്ലാഭരണകൂടവുമാണ് ക്യാംപുകള്‍ നടത്തുന്നത്. രാത്രിയാകുന്നതോടെ ക്യാമ്പുകളില്‍ എത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. തേജസ്വിനി പുഴ കരകവിഞ്ഞ് നീലേശ്വരം, കയ്യൂര്‍, പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി.

വയനാട്ടില്‍ രക്ഷാദൗത്യം ദുഷ്‌ക്കരമെന്ന് മുഖ്യമന്ത്രി. മോശം കാലാവസ്ഥയാണ് പ്രധാന തടസ്സം. ഉരുള്‍പൊട്ടിയ നിലമ്പുരിലെ കവളപ്പാറ, വയനാട് പുത്തുമല എന്നിവിടെ എത്ര പേര്‍ കുടുങ്ങിയെന്ന് പറയാന്‍ പറ്റാന്‍ ആകാത്ത സ്ഥിതിയാണ്. എയര്‍ ലിഫ്റ്റിങ് സാധ്യത സൈന്യം തേടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204മി.മീല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാംപുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ആഗസ്ത് 10 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ആഗസ്ത് 11 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്ത് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്ത് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും,

ആഗസ്ത് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ. വരെ മഴ) അതിശക്തമായതോ (115 മീ.മീ. മുതല്‍ 204.5 മി.മീ. വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags:    

Similar News