രാമ ക്ഷേത്ര ശിലാസ്ഥാപനം : പോലിസ് സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പ് പറയണം : എസ്ഡിപിഐ

പോലിസ് സ്റ്റേഷനില്‍ ആഘോഷം നടത്തിയ പോലിസുകാരെയും അതിന് അനുവാദം നല്‍കിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

Update: 2020-08-06 14:49 GMT

കൊച്ചി : ബാബരി മസ്ജിദ് തകര്‍ത്തു നിര്‍മിക്കുന്ന രാമക്ഷേത്രത്തിനു ശിലാന്യാസം നടത്തുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു മൂവാറ്റുപുഴ പോലിസ് സ്റ്റേഷനില്‍ ലഡു വിതരണം നടന്ന സംഭവം ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയും മതേതര കേരളത്തിന് അപമാനവുമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി.പോലിസില്‍ ഹിന്ദുത്വ സംഘടനകള്‍ പിടി മുറുക്കുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ മൗന സമ്മതമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അപമാന ബോധം കൊണ്ട് സംഘപരിവാര്‍ പോലും കേരളത്തില്‍ പൂര്‍ണതോതില്‍ ആഘോഷം നടത്താതിരിക്കെയാണ് ഇടത് പക്ഷം ഭരിക്കുന്ന സംസ്ഥാനത്ത്, ജനങ്ങളെ സംരക്ഷിക്കേണ്ട പോലിസ് വകുപ്പില്‍ മതേതര മൂല്യങ്ങള്‍ ലംഘിച്ചു കൊണ്ട് ആഘോഷം നടന്നിരിക്കുന്നതെന്നും ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി.

ഇങ്ങനെ ഒരു ആഘോഷ പരിപാടി നടന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് വര്‍ഗീയവാദിയായ യോഗിയാണോ കമ്യൂണിസ്റ്റ് കാരനായ പിണറായി വിജയനാണോ എന്ന് കേരള ജനതക്ക് വ്യക്തത വരാനുണ്ട്.പോലിസ് സ്റ്റേഷനില്‍ ആഘോഷം നടത്തിയ പോലിസുകാരെയും അതിന് അനുവാദം നല്‍കിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

Tags: