പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം സമയബന്ധിതമായി തീര്‍ക്കണമെന്ന് ഡിജിപി

വാച്യ അവാച്യ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്രമാതീതമായ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

Update: 2019-10-28 13:10 GMT

തിരുവനന്തപുരം: കൃത്യവിലോപത്തിന് പോലിസുദ്യോഗസ്ഥര്‍ക്ക് എതിരെയുളള വകുപ്പുതല അന്വേഷണങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. കാലതാമസം വരുന്നപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാച്യ അവാച്യ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്രമാതീതമായ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

അവാച്യ അന്വേഷണങ്ങള്‍ (Non Oral Enquiry) 30 ദിവസത്തിനകവും വാച്യ അന്വേഷണങ്ങള്‍ (Oral Enquiry) 90 ദിവസത്തിനകവും പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ള പക്ഷം അതത് അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസ് മേധാവിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അന്വേഷണശേഷം ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് 60 ദിവസത്തിനകം അപ്പീല്‍ നല്‍കാനും അപ്പീല്‍ നിരസിക്കുന്ന പക്ഷം 60 ദിവസത്തിനകം റിവ്യു പെറ്റീഷന്‍ നല്‍കാനും അവസരം നല്‍കും. റിവ്യൂ പെറ്റീഷന്‍ നിരസിച്ചാല്‍ ഉചിത മാര്‍ഗ്ഗേന സര്‍ക്കാര്‍ മുമ്പാകെ ദയാഹരജി സമര്‍പ്പിക്കാം.

Tags:    

Similar News