ക്രൈസ്തവ സംരക്ഷണ സേന: ബിജെപിയുടെ വിഭാഗീയ അജണ്ട തള്ളിക്കളയണമെന്നു പോപുലര്‍ ഫ്രണ്ട്

Update: 2019-05-12 17:59 GMT

കോഴിക്കോട്: ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങളെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യവുമായി െ്രെകസ്തവ സംരക്ഷണ സേന രൂപീകരിക്കാനുള്ള ബിജെപി നീക്കം സംഘപരിവാരത്തിന്റെ വിഭാഗീയ അജണ്ടയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തീവ്രഹിന്ദുത്വ അജണ്ടയിലൂടെ സംസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിതമായി തീര്‍ത്ത പ്രതിരോധം തിരിച്ചടിയായതോടെയാണ് ക്രൈസ്തവസഭകളെ ഒപ്പം കൂട്ടാനുള്ള പുതിയ തന്ത്രവുമായി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ മറപിടിച്ച് ഇസ്‌ലാം ഭീതി ശക്തിപ്പെടുത്തി ക്രൈസ്തവരെ ഒപ്പം നിര്‍ത്താനുള്ള നീക്കം തികച്ചും അപകടകരമാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതയും വിവിധ മതങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഹവര്‍ത്തിത്വവും തകര്‍ത്ത് അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാരത്തിന്റെ ദുരുദ്ദേശ്യം സമൂഹം തിരിച്ചറിയാതെ പോവരുത്.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് പ്രധാനമായും സംരക്ഷണം നല്‍കേണ്ടത് ആര്‍എസ്എസില്‍ നിന്നും തീവ്രഹിന്ദുത്വ വിഭാഗങ്ങളില്‍ നിന്നുമാണ്. ക്രിസ്തുമത പ്രചാരകന്‍ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകൊന്നവരാണ് ഇപ്പോള്‍ ക്രൈസ്തവ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നത്. തീവ്രഹിന്ദുത്വ വിഭാഗങ്ങള്‍ നടത്തിയ കലാപത്തില്‍ 45ഓളം ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ട ഒറീസയിലെ കണ്ഡമാലില്‍ നിരവധി ചര്‍ച്ചുകളും വീടുകളും തകര്‍ക്കപ്പെടുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രഹിന്ദുത്വ വിഭാഗങ്ങള്‍ ആക്രമണം അഴിച്ചുവിടുന്നത് പതിവാണ്. ഇത്തരം അതിക്രമങ്ങള്‍ പരിഗണിക്കാതെ, ശ്രീലങ്കയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ മറപിടിച്ച് നാട്ടില്‍ വിഭാഗീയത പടര്‍ത്താനുള്ള ശ്രമങ്ങളെ ക്രിസ്ത്യന്‍ സമൂഹം തള്ളിക്കളയണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. 

Tags: