കേരളത്തിലെ എസ്എഫ്‌ഐ സ്വാധീന കോളജുകളില്‍ പോലിസ് റെയ്ഡ് നടത്തണം: കാംപസ് ഫ്രണ്ട്

യൂനിവേഴ്‌സിറ്റി കോളജ് മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കോളജുകളിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശലംഘനം നടന്നുകൊണ്ടിരിക്കുകയാണ്. അഖിലിനെ വധിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ പോലിസ് ഒളിച്ചുകളിക്കുകയാണ്. പ്രധാന പ്രതികള്‍ സ്റ്റുഡന്റ് സെന്ററിലുണ്ടായിട്ടും പോലിസ് പിടികൂടിയില്ല.

Update: 2019-07-15 08:25 GMT

തിരുവനന്തപുരം: കേരളത്തിലെ എസ്എഫ്‌ഐ സ്വാധീനമുള്ള കോളജുകളില്‍ റെയ്ഡ് നടത്തണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി. യൂനിവേഴ്‌സിറ്റി കോളജ് മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കോളജുകളിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശലംഘനം നടന്നുകൊണ്ടിരിക്കുകയാണ്. അഖിലിനെ വധിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ പോലിസ് ഒളിച്ചുകളിക്കുകയാണ്. പ്രധാന പ്രതികള്‍ സ്റ്റുഡന്റ് സെന്ററിലുണ്ടായിട്ടും പോലിസ് പിടികൂടിയില്ല. അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് ചെയ്തത്.

പോലിസുകാരെ മര്‍ദിച്ച കേസിലെ പ്രതികളാണ് ഇവര്‍. പക്ഷെ, പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റില്‍ ഇവര്‍ ഇടംനേടിയിട്ടുണ്ട്. ഇത് വലിയ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും അബ്ദുല്‍ ഹാദി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോളജിലെ അക്രമങ്ങള്‍ക്ക് പോലിസ് കാലങ്ങളായി ഒത്താശ ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം.

കേരള യൂനിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസ് പ്രതികളുടെ വീട്ടില്‍നിന്ന് പിടികൂടിയത് ഞെട്ടിപ്പിക്കുന്നതാണ്. വിഷയത്തില്‍ യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണം. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. കേരളത്തില്‍ കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐയുടെ ആയുധശേഖരമുണ്ട്. ഇത് റെയ്ഡ് ചെയ്യണം. കോളജില്‍ അക്രമമുണ്ടായ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ വന്നിട്ടും അറിഞ്ഞില്ലെന്ന ഭാവത്തില്‍ നടപടിയെടുക്കാതിരിക്കുകയും ഒളിച്ചുകളിക്കുകയും മാധ്യമങ്ങളെ പുറത്താക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്യണം. സംഭവത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം.

സിപിഎമ്മിന്റെ ഒത്താശയോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇത് യൂനണിവേഴ്‌സിറ്റി കോളജില്‍ കാലങ്ങളായി നടക്കുന്നതാണ്. കാംപസില്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരുമെന്ന് പറയുന്ന മന്ത്രി, എസ്എഫ്‌ഐയെ ആണ് നിയന്ത്രിക്കേണ്ടത്. മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ട്. അതിന് കാംപസ് ജനാധിപത്യം സംരക്ഷിക്കണമെന്നും കെ എച്ച് ഹാദി ആവശ്യപ്പെട്ടു. 

Tags:    

Similar News