ശഹീൻബാഗ് സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് പോലിസിന്റെ അന്ത്യശാസനം

സമരക്കാർക്ക് നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നു രാവിലെ പന്തലുടമയായ തിലകന്റെ വീട്ടിലെത്തി പോലിസ് നോട്ടീസ് പതിച്ചിരുന്നു. 12 മണിക്കൂറിനകം പന്തൽ പൊളിക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചത്.

Update: 2020-02-18 09:00 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ശഹീൻബാഗ് ഐക്യദാർഡ്യ സമരപ്പന്തൽ പൊളിക്കണമെന്ന് പോലിസിന്റെ അന്ത്യശാസനം. കഴിഞ്ഞ ദിവസം സമരക്കാർക്ക് നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നു രാവിലെ പന്തലുടമയായ തിലകന്റെ വീട്ടിലെത്തി പോലിസ് നോട്ടീസ് പതിച്ചിരുന്നു. 12 മണിക്കൂറിനകം പന്തൽ പൊളിക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചത്. ഇതിനു പിന്നാലെ പന്തലുടമ തൊഴിലാളികളുമായി പന്തൽ പൊളിക്കാനെത്തിയെങ്കിലും സമരസമിതി നേതാക്കൾ തടഞ്ഞു. പോലിസ് പന്തൽ ഉടമയെ സഹായിക്കാനെത്തിയെങ്കിലും പന്തൽ പൊളിക്കാൻ അനുവദിക്കില്ലെന്നും സമരമുഖത്ത് ഉറച്ചു നിൽക്കുമെന്നും നേതാക്കൾ നിലപാടെടുത്തു. ഇതിനു പിന്നാലെ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉൾപ്പടെയുള്ളവർ സമരപ്പന്തലിലെത്തി.

ഇതോടെ വൈകീട്ട് നാലിന് പന്തലുടമയെ കന്റോൺമെന്റ് സിഐ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പന്തൽ പൊളിച്ചു നീക്കാൻ പന്തലുടമയെ അനുവദിക്കില്ലെന്നും പോലിസ് പൊളിച്ചുനീക്കാൻ രംഗത്തു വന്നാൽ സഹനത്തിന്റെ മാർഗം സ്വീകരിച്ച് സമരമുഖത്ത് ഉറച്ചു നിൽക്കുമെന്നും സമരസമിതി കോർഡിനേറ്റർ മേധ സുരേന്ദ്രനാഥ് വ്യക്തമാക്കി. സിഎഎ, എൻആർസി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശഹീൻ ബാഗിലെ കൊടിയ തണുപ്പിലും സമരം ചെയ്യുന്ന അമ്മമാർക്ക് പിന്തുണയുമായാണ് ഈ സമരം തുടങ്ങിയത്. സിഎഎ, എൻആർസി എന്നിവ പിൻവലിക്കും വരെ സമരം തുടരുമെന്നും മേധ അറിയിച്ചു.

എവേക്ക് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് ശഹീൻ ബാഗ് സമരപ്പന്തൽ ആരംഭിച്ചത്. വിദ്യാർഥിനികളും വീട്ടമ്മമാരും അണിനിരക്കുന്ന സമരത്തിന് 'രാഷ്ട്രീയ-സാംസ്കാരിക- സാമൂഹ്യ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നാണ് സർക്കാർ നയമെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സർക്കാർ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നിടു​​മ്പോഴാണ്​ പോലിസിന്റെ ഭാഗത്ത് നിന്ന് തീർത്തും കടകവിരുദ്ധമായ നീക്കം. അതീവ സുരക്ഷ മേഖലയായ സെക്രട്ടറിയേറ്റിന് മുൻവശം കാഴ്ച മറക്കുന്ന രീതിയിലും പന്തൽ കെട്ടി സമരം ചെയ്യുന്നത് ഗുരുതര സുരക്ഷ വീഴ്ചക്ക് കാരണമാകുമെന്നാണ് പോലിസ് നോട്ടീസിൽ പറയുന്നത്. 

Tags:    

Similar News