നവോത്ഥാന സമിതി ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

എതിര്‍പ്പുകളെയും അപവാദ പ്രചരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാ മതിലില്‍ പങ്കാളികളായ സാമൂഹിക സംഘടനകളെ യോഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. വനിതാ മതിലിനെ എതിര്‍ത്തവരാണ് ആ പരിപാടിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത്. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. വര്‍ഗീയ മതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി.

Update: 2019-01-24 17:37 GMT

തിരുവനന്തപുരം: നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാര്‍ച്ച് 15നു മുമ്പ് ജില്ലകളില്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാനും സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. സമിതിയുടെ സംഘടനാ സംവിധാനം താലൂക്ക് തലം വരെ രൂപീകരിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 15നു മുമ്പ് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും.

നവോത്ഥാന സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കും. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒമ്പതംഗ എക്‌സിക്യൂട്ടീവ് രൂപീകരിക്കാനും തീരുമാനിച്ചു. എതിര്‍പ്പുകളെയും അപവാദ പ്രചരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാമതിലില്‍ പങ്കാളികളായ സാമൂഹിക സംഘടനകളെ യോഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. വനിതാ മതിലിനെ എതിര്‍ത്തവരാണ് ആ പരിപാടിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത്. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. വര്‍ഗീയ മതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി. പക്ഷേ അതൊന്നും ഏശിയില്ല. നവോത്ഥാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖമന്ത്രി ഉറപ്പുനല്‍കി.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാലമായ ഐക്യവും സ്ഥിരം സംവിധാനവും വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി ആര്‍ ദേവദാസ്, സി കെ വിദ്യാസാഗര്‍, കെ സോമപ്രസാദ് എംപി, ബി രാഘവന്‍, അഡ്വ.ശാന്തകുമാരി, പി രാമഭദ്രന്‍, കെ കെ സുരേഷ്, രാമചന്ദ്രന്‍ മുല്ലശ്ശേരി, കാച്ചാണി അജിത്, സീതാദേവി, ഇ എസ് ഷീബ, ലൈല ചന്ദ്രന്‍, എല്‍ അജിതകുമാരി, കെ പീതാംബരന്‍, ആര്‍ മുരളീധരന്‍, വൈ ലോറന്‍സ്, കെ ആര്‍ സുരേന്ദ്രന്‍, പി കെ സജീവ്, എ കെ ലാലു, അമ്പലത്തറ ചന്ദ്രബാബു, രാംദാസ്, നെടുമം ജയകുമാര്‍, സി പി സുഗതന്‍, ചെല്ലപ്പന്‍ രാജപുരം, എ സി ബിനുകുമാര്‍, ആര്‍ കലേഷ്, എഫ് ജോയി, എ കെ സജീവ്, സി കെ രാഘവന്‍, അനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.


Tags:    

Similar News