ഇടതു പക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ സൗജന്യം വേണ്ട : പിണറായി വിജയന്‍

എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്, അത് പറഞ്ഞോളൂ. അത് ദേശീയ സാഹചര്യമായാലും കേരളത്തിലെ സാഹചര്യമായാലും. ആ സൗജന്യം ഇടതുപക്ഷത്തിനു വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.2016ലെ നിയമ സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ അവസ്ഥ എല്ലാവരുടെയും മനസിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Update: 2019-04-08 15:10 GMT

കൊച്ചി: കേരളത്തില്‍ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ പറഞ്ഞത് ഇടതുപക്ഷത്തിനെതിരെ താന്‍ ഒന്നും പറയില്ല എന്നാണ് എന്നാല്‍ ആ സൗജന്യം തങ്ങള്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റില, മട്ടാഞ്ചേരി, പറവൂര്‍ മൂത്തകുന്നം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്, അത് പറഞ്ഞോളൂ. അത് ദേശീയ സാഹചര്യമായാലും കേരളത്തിലെ സാഹചര്യമായാലും. ആ സൗജന്യം ഇടതുപക്ഷത്തിനു വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.2016ലെ നിയമ സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ അവസ്ഥ എല്ലാവരുടെയും മനസിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യവുമായി സഹകരിക്കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ജയിച്ച രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തീരുമാനിക്കാനുള്ള മാന്യത എസ്പി-ബിഎസ്പി സഖ്യം കാണിച്ചു. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ടുള്ള തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. ബിജെപിക്കെതിരായ വോട്ടുകള്‍ ശിഥിലീകരിക്കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതു കൊണ്ട് ഗുണം കിട്ടാന്‍ പോകുന്നത് ബിജെപി ക്കാണ്. ഈ സമീപനം കൊണ്ട് ബിജെപിയെ പരാജയപ്പെടുത്തുക എന്ന രാജ്യത്തിന്റെയാകെ ലക്ഷ്യത്തോടൊപ്പം നില്‍ക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണം കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണം.  

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് വര്‍ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടുമായി മുന്നിലുള്ള ഇടതുപക്ഷത്തെയാണ്. കേരളത്തില്‍ മല്‍സരിക്കുക വഴി രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നത്?. ഇടതുപക്ഷത്തെയാണ് പരാജയപ്പെടുത്തേണ്ടത് എന്ന സന്ദേശം ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ ഉയര്‍ത്തേണ്ട ഒന്നാണോ?. വയനാട്ടില്‍ മല്‍സരിക്കുന്നത് തെക്കേ ഇന്ത്യയിലാകെ ബിജെപിയെ പരാജയപ്പെടുത്താനാണ് എന്ന കോണ്‍ഗ്രസ് വാദം പരിഹാസ്യമാണ്. പേരിനെങ്കിലും ഒരു ബിജെപി സ്ഥാനാര്‍ഥി വയനാട്ടിലില്ല. രാജ്യമാകെ ഉയര്‍ന്നുവരുന്ന പൊതുവികാരത്തിന്റെ കൂടെനില്‍ക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിനു കഴിയുന്നില്ല എന്നാണതിന്റെ അര്‍ഥമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags: