പെട്ടിമുടി: സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമല്ലാത്ത സ്ഥലത്തെന്ന്;ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീടു നിര്‍മിച്ചു നല്‍കിയത്. റേഷന്‍ വാങ്ങാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ പോകേണ്ട സാഹചര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2021-08-09 14:18 GMT

കൊച്ചി: സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമായ സ്ഥലത്തല്ലെന്നു ചൂണ്ടിക്കാണിച്ച് പെട്ടിമുടി ഉരുള്‍ പൊട്ടല്‍ ദുരന്തത്തിലെ ഇരകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഷണ്‍മുഖനാദന്‍, ആര്‍ മഹേന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത. 2020 ആഗസ്ത് ആറിനാണ് പെട്ടിമുടിയില്‍ 14 കുട്ടികളുള്‍പ്പെടെ 70 പേര്‍ മരിച്ചത്.ദുരന്ത നിവാരണ സേന എത്താന്‍ വൈകിയതാണ് ഇത്രയും ആളുകള്‍ മരിക്കാനിടയായതെന്ന് ഹരജിയിയില്‍ പറയുന്നു.

ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീടു നിര്‍മിച്ചു നല്‍കിയത്. റേഷന്‍ വാങ്ങാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ പോകേണ്ട സാഹചര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.കണ്ണന്‍ദേവന്‍ കമ്പനിയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ വീടു വയ്ക്കാന്‍ സ്ഥലം നല്‍കണം എന്ന ആവശ്യമാണ് ഇരകള്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം കുറ്റിയാര്‍ വാലിയില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കു വീട് നിര്‍മിച്ചു നല്‍കിയെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എട്ടു പേര്‍ക്ക് വീടു നിര്‍മിച്ചു കൈമാറി. ആറു പേര്‍ക്കു പട്ടയം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് കേട്ട കോടതി ഇതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.നല്‍കിയത്.

Tags: