സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു

Update: 2020-03-27 06:46 GMT

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. സഹകരണ സംഘങ്ങള്‍ മുഖേനയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടക്കുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭ്യമാക്കനാണ് സര്‍ക്കര്‍ തുക അനുവദിച്ചത്. ബാക്കി വരുന്ന തുക വിഷുവിന് മുമ്പ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 55 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ തുക നല്‍കുന്നത്.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ മാസം വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 31ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കണെമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരാതികളില്ലാത്ത വിധം വിതരണം പൂര്‍ത്തിയാക്കും .

Tags: