ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ഐക്യത്തെ ഛിദ്രമാക്കാന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും വര്‍ഗീയ കലാപങ്ങളിലേക്കു വരെ തള്ളിവിടാനുള്ള ശ്രമങ്ങള്‍ സ്ഥാപിതതാല്‍പര്യക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സമൂഹത്തിലെ പിന്നണിയില്‍ നില്‍ക്കുന്നവരില്‍ പ്രധാനപ്പെട്ട വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. എത്ര അധ്വാനിച്ചാലും ജീവിതപ്രയാസം മാറാത്ത അവര്‍ക്ക് അര്‍ഹമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്

Update: 2019-06-30 14:58 GMT

കൊച്ചി: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ഐക്യത്തെ ഛിദ്രമാക്കാനുള്ള പുതിയകാലത്തെ കടന്നുകയറ്റങ്ങളും ശ്രമങ്ങളും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോശ്രീയിലെ കവിതിലകന്‍ കെ പി പണ്ഡിറ്റ് കറുപ്പന്‍ ജന്മശതതാബ്ദി സ്മാരകത്തിനുമുന്നില്‍ സ്ഥാപിച്ച പൂര്‍ണകായ വെങ്കല പ്രതിമയുടെ അനാവരണവും പണ്ഡിറ്റ് കറുപ്പന്റെ 135ാം ജന്മദിന സമ്മേളന ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും വര്‍ഗീയ കലാപങ്ങളിലേക്കു വരെ തള്ളിവിടാനുള്ള ശ്രമങ്ങള്‍ സ്ഥാപിതതാല്‍പര്യക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അതിനെ ചെറുക്കാന്‍ പണ്ഡിറ്റ് കറുപ്പനടക്കമുള്ളവരുടെ ചരിത്രപരമായ ഇടപെടലുകള്‍ പ്രചോദനകരമാകും.സമൂഹത്തിലെ പിന്നണിയില്‍ നില്‍ക്കുന്നവരില്‍ പ്രധാനപ്പെട്ട വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. എത്ര അധ്വാനിച്ചാലും ജീവിതപ്രയാസം മാറാത്ത അവര്‍ക്ക് അര്‍ഹമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അത്തരത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റുകാര്യങ്ങള്‍ ചെയ്തുവരുന്നു.

ധീവരസഭ ഏതുദൂരം പാലിക്കുന്നുവെന്നത് സര്‍ക്കാരിന് പ്രശ്‌നമല്ലെന്നും പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീവരസുമദായത്തിന് അര്‍ഹമായ പരിഗണന ഉറപ്പാക്കും. ധീവരസഭാ നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏതുഘട്ടത്തിലും ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീവരസഭ പ്രസിഡന്റ് കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.മേയര്‍ സൗമിനി ജയിന്‍,എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, എസ് ശര്‍മ എംഎല്‍എ, ജസ്റ്റിസ് കെ സുകുമാരന്‍, സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, കൗണ്‍സിലര്‍ ദീപക് ജോയ്, കേരള ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി രാമഭദ്രന്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ധീവരസഭ നിര്‍മിച്ചതാണ് പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി സ്മാരകം. 1916ല്‍ പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച ഇടക്കൊച്ചി ജ്ഞാനോദയം സഭ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖിലകേരള ധീവരസഭയ്ക്ക് സംഭാവന ചെയ്ത പണ്ഡിറ്റ് കറുപ്പന്റെ പൂര്‍ണകായ വെങ്കല പ്രതിമയാണ് സ്മാരകമന്ദിരത്തിനു മുന്നില്‍ മുഖ്യമന്ത്രി അനാവരണംചെയ്തത്. പ്രതിമയൊരുക്കാന്‍ പ്രവര്‍ത്തിച്ച ജ്ഞാനോദയം സഭ പ്രസിഡന്റ് എ ആര്‍ ശിവജിയെ ചടങ്ങില്‍ ആദരിച്ചു. രതീഷ് മാന്നാര്‍ ഒരുക്കിയ പ്രതിമക്ക് 500 കിലോയോളം തൂക്കമുണ്ട്. ആറരലഷം രൂപയാണ് നിര്‍മാണച്ചെലവ്. 

Tags:    

Similar News