കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

Update: 2024-03-28 09:38 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കെജ്‌രിവാളിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സുര്‍ജിത് സിങ് യാദവ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്ന വാക്കാല്‍ നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. എക്‌സിക്യുട്ടീവാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

    അതിനിടെ, കേസുമായി ബന്ധപ്പെട്ട വിശദമായ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിതാ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഡല്‍ഹി മദ്യനയ അഴിമതി ആരോപണക്കേസില്‍ മാര്‍ച്ച് 21ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

Tags:    

Similar News