ഹാമര്‍ തലയില്‍ പതിച്ച് അപകടം: അന്വേഷണത്തിന് അത്‌ലറ്റിക് അസോസിയേഷന്‍ അഞ്ചംഗ സമതിയെ നിയോഗിച്ചു

അഫീല്‍ ജോണ്‍സണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. അപകടത്തെ തുടര്‍ന്ന് പാലായില്‍ മാറ്റിവെച്ച ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ തിരുവനന്തപുരത്ത് 15ന് മുന്‍പായി നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചു

Update: 2019-10-07 02:29 GMT

കൊച്ചി: പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ അഫീല്‍ ജോണ്‍സണ്‌സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെയും നിയോഗിച്ചു.

അപകടത്തെ തുടര്‍ന്ന് പാലായില്‍ മാറ്റിവെച്ച ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ തിരുവനന്തപുരത്ത് 15ന് മുന്‍പായി നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിനും മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയത്തിനായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അധികൃതര്‍ക്കും കത്ത് നല്‍കും. ഹാമര്‍ പതിച്ച് തലയോട്ടി തകര്‍ന്ന് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ അഫീല്‍ ജോണ്‍സണിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനായ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

Tags:    

Similar News