ജപ്തി തടയാൻ കാവൽ നിർത്തിയത് 14 നായ്ക്കൾ; പുലിവാല് പിടിച്ച് ബാങ്ക്

നാല് വർഷമായി ഉടമ അഴിച്ചുവിട്ടിരുന്ന 14 നായ്ക്കളെ കോടതി നിർദേശമനുസരിച്ച് പിടിച്ചുവെങ്കിലും ബാങ്കിന്റെ തലവേദന ഒഴിയുന്നില്ല. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാൻ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം.

Update: 2019-07-04 02:34 GMT

തിരുവനന്തപുരം: വസ്തു ജപ്തി ചെയ്യാനുള്ള ശ്രമം തടയാൻ കഴിഞ്ഞ നാല് വർഷമായി ഉടമ അഴിച്ചുവിട്ടിരുന്ന 14 നായ്ക്കളെ കോടതി നിർദേശമനുസരിച്ച് പിടിച്ചുവെങ്കിലും ബാങ്കിന്റെ തലവേദന ഒഴിയുന്നില്ല. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാൻ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം. ഈ പണമടച്ച് നായ്ക്കളെ ഏറ്റെടുത്തില്ലെങ്കിൽ വിൽക്കുമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾക്ക് ബാങ്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ കരാറുകാരൻ വർഷങ്ങൾക്കു മുൻപ് പട്ടത്തെ സ്വകാര്യ ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് പലിശ സഹിതം 60 ലക്ഷത്തോളം മുടങ്ങി. തുടർന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തിക്കായി ശ്രമം തുടങ്ങി.

എന്നാൽ കാവൽ നിർത്തിയ 14 നായ്ക്കൾ മൂലം ബാങ്ക് അധികൃതർക്ക് സ്ഥലത്തേക്ക് അടുക്കാനായില്ല. നായയെ പിടിക്കുന്നവരുടെ സഹായം തേടാനുള്ള കോടതി വിധി സമ്പാദിച്ചാണ് ബാങ്ക് നടപടികൾ എടുത്തത്. കഴിഞ്ഞ ദിവസം പിടികൂടിയ നായ്ക്കളെ ഇപ്പോൾ കെന്നലിൽ സൂക്ഷിക്കുകയാണ്. ഒരു ലാബ്രഡോർ ഒഴിച്ച് എല്ലാം നാടൻ നായ്ക്കളാണ്.

ബാങ്ക് ജപ്തി നടപടികളെ ആത്‍മഹത്യ ഭീഷണി മുഴക്കി പിന്തിരിപ്പിക്കുന്ന നടപടികൾ പതിവ് കാഴ്ചകളാണെങ്കിലും ഇത്തരമൊരു പ്രതിരോധം ഇതാദ്യമായാണ്. സർഫാസി നിയമപ്രകാരം നിരവധി കിടപ്പാടങ്ങൾ ബാങ്കുകൾ ജപ്തി ചെയ്യാൻ ഒരുങ്ങുന്ന വേളയിലാണ് ബാങ്കിനെ പുലിവാല് പിടിപ്പിച്ച റിപോർട്ട് പുറത്തുവരുന്നത്. 

Tags:    

Similar News