നെല്ല് സംഭരണം: ബാങ്കുകൾക്ക് സപ്ലൈകോ നൽകാനുള്ളത് 1919 കോടി

കുടിശിക കിട്ടാതായതോടെ ബാങ്കുകൾ കർഷകർക്ക് വായ്പ നൽകുന്നത് നിർത്തുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് നിക്ഷേപത്തുക പിടിക്കാനും തുടങ്ങി. സർക്കാരിനെ വിശ്വസിച്ച കർഷകരാവട്ടെ കടക്കെണിയിലും.

Update: 2020-02-13 06:15 GMT

തിരുവനന്തപുരം: സംഭരിച്ച നെല്ലിന് കർഷകർക്ക് വില നൽകിയ ഇനത്തിൽ ബാങ്കുകൾക്ക് സപ്ലൈകോ നൽകാനുള്ളത് 1919 കോടി രൂപ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പണം നൽകാതെ വന്നതാണ് സപ്ലൈക്കോയെ പ്രതിസന്ധിയിലാക്കിയത്.

കേന്ദ്ര സർക്കാർ 1000 കോടിയും സംസ്ഥാന സർക്കാർ 600 കോടി രൂപയും നൽകാനുണ്ടെന്നാണ് കണക്കുകൾ. 2018-19 വർഷം 6.9 ലക്ഷം ടൺ നെല്ലും 2019-20 വർഷം 1.88 ലക്ഷം ടൺ നെല്ലും സപ്ലൈകോ കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ചു.

നെല്ല് നൽകിയ കർഷകർക്ക് സപ്ലൈക്കോ അധികൃതർ നെല്ല് വിവരങ്ങളും വിലയും അടങ്ങിയ പിആർഎസ് (പാടി റസീപ്റ്റ് സ്‌റ്റേറ്റ്‌മെന്റ്) നൽകി. പിആർഎസുമായി എത്തുന്ന കർഷകർക്ക് ദേശസാൽകൃത ബാങ്കുകൾക്ക് തത്തുല്യ തുക വായ്പയായി നൽകണമെന്നാണ് സംസ്ഥാന സർക്കാർ വ്യവസ്ഥ. ഈ തുക 3 മാസത്തിനകം പലിശ സഹിതം ബാങ്കുകൾക്ക് സർക്കാർ തിരിച്ചു നൽകും. എന്നാൽ ഇരുവരെ പണം ലഭിച്ചില്ല.

2018-19ൽ 1785 കോടി രൂപയുടെ നെല്ല് സംഭരിച്ചെങ്കിലും 374 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകിയത്. 1411 കോടി രൂപ കുടിശികയാണ്. കുടിശിക നില നിൽക്കെ 2019-20 വർഷം 508 കോടി രൂപയുടെ നെല്ല് വീണ്ടും സംഭരിച്ചു. നെല്ല് അരിയാക്കി റേഷൻകടകളിലൂടെ വിറ്റഴിച്ചെങ്കിലും സപ്ലൈകോയ്ക്ക് സർക്കാരുകൾ പണം കൈമാറിയില്ല.

ഇതോടെ ബാങ്കുകൾ കർഷകർക്ക് നെല്ലിന്റെ വില നൽകാതെയായി. 2018-19ൽ 1,72795 കർഷകരും 19-20ൽ 61894 കർഷകരുമാണ് സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയത്. കുടിശിക കിട്ടാതായതോടെ ബാങ്കുകൾ കർഷകർക്ക് വായ്പ നൽകുന്നത് നിർത്തുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് നിക്ഷേപത്തുക പിടിക്കാനും തുടങ്ങി. സർക്കാരിനെ വിശ്വസിച്ച കർഷകരാവട്ടെ കടക്കെണിയിലും.

Tags:    

Similar News