ഒരുവര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ല; വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം

ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടത്തൂ. അതിനായി 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

Update: 2019-03-06 05:49 GMT

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വിളകള്‍ നശിച്ച് ദുരിതത്തിലായി ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കെതിരെ ഉടന്‍ ബാങ്കുകളുടെ നടപടിയുണ്ടാവില്ല. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബാങ്കേഴ്‌സ് സമിതി ഇക്കാര്യം അംഗീകരിച്ചതായി കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം സര്‍ഫാസി പ്രദാനം ചെയ്യുന്നു.

സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികളില്‍ കോടതിയുടെ ഇടപെടല്‍ സാധ്യമല്ല. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകള്‍ക്ക് ഏതു നടപടിയും സ്വീകരിക്കാം. ഇതിനും കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേല്‍ ആള്‍ത്താമസമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് തലങ്ങളിലും കര്‍ഷകരുടെ യോഗം വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്. നേരത്തേ വായ്പ എടുത്തവര്‍ക്ക് പുതിയ വായ്പ നിഷേധിക്കരുതെന്നും ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടത്തൂ. അതിനായി 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയം ഏറെ ദുരിതംവിതച്ച ഇടുക്കി ജില്ലയില്‍ മാത്രം 15000ത്തോളം കര്‍ഷകരാണ് ജപ്തിഭീഷണി നേരിടുന്നത്. അടുത്തിടെ ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ബാങ്കേഴ്‌സ് സമിതിയുമായി കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചത്. അതേസമയം, കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും.




Tags: