യുഎപിഎ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന് മുഖ്യമന്ത്രി
സമരങ്ങളില്‍ പങ്കെടുത്തവരുടെ കേസുകളുടെ എണ്ണം നോക്കി യുഎപിഎ ചുമത്തുന്ന സാഹചര്യം നേരത്തെ ഉണ്ടായി. രാഷ്ട്രീയമായ കേസുകളോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെയോ നിലവില്‍ യുഎപിഎക്ക് കീഴില്‍ കൊണ്ടുവന്നിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: യുഎപിഎ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശവിരുദ്ധ, തീവ്രവാദസാമൂഹിക വിരുദ്ധ ശക്തികള്‍ക്കെതിരെ ഉപയോഗിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് രാഷ്ട്രീയക്കാര്‍ക്കെതിരെ ഉപയോഗിക്കുന്ന നിലയുണ്ടായി. സമരങ്ങളില്‍ പങ്കെടുത്തവരുടെ കേസുകളുടെ എണ്ണം നോക്കി യുഎപിഎ ചുമത്തുന്ന സാഹചര്യം നേരത്തെ ഉണ്ടായി. രാഷ്ട്രീയമായ കേസുകളോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെയോ നിലവില്‍ യുഎപിഎക്ക് കീഴില്‍ കൊണ്ടുവന്നിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.
പോലിസ് സേനയുടെ ആധുനികവൽക രണത്തിന് 2019-20 സാമ്പത്തിക വര്‍ഷം 175 കോടി രൂപ വകയിരുത്തി. 2018-19ല്‍ 136 കോടിയായിരുന്നു. തൃശൂര്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയെ ഹൈടെക് ലബോറട്ടറിയായി ഉയര്‍ത്തി. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ജൂവലറികള്‍, ഫാക്ടറികള്‍ എന്നിവയുടെ സിസിടിവി സംവിധാനത്തെ പോലിസുമായി ബന്ധപ്പെടുത്തി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കും. 200 പോലിസ്സ് സ്റ്റേഷനുകളില്‍ സിസിടിവി കാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പിലാക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് സൈബര്‍ ഫോറന്‍സിക് ലാബ് ഉള്‍പ്പെട്ട കേന്ദ്രം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിരലടയാള വിവരങ്ങല്‍ ഉടന്‍ ലഭ്യമാക്കുന്നതിന് ഓട്ടോമേറ്റഡ് ഫിംഗര്‍ ഐഡിഫിക്കേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തി. ക്രൈം ബ്രാഞ്ചിന് കീഴില്‍ വൈഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ യൂനിറ്റ് ആരംഭിക്കും.
തീരസംരക്ഷണം ശക്തമാക്കുന്നതിന് 18 കോസ്റ്റല്‍ പോലിസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ് രൂപീകരിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലെ മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നും കോസ്റ്റല്‍ വാര്‍ഡന്‍മാരായി തിരഞ്ഞെടുത്ത 200 പേരില്‍ 177 പേരുടെ പരിശീലനം നടന്നുവരികയാണ്.
അന്തവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി നിയമ നിര്‍മാണം പരിഗണനയിലാണ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തില്ല. നിയമ നിര്‍മാണത്തിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കും. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും പൊതുജനത്തിന്റെയും അഭിപ്രായം കേള്‍ക്കും.
കെഎഎസില്‍ മൂന്ന് സ്ട്രീമുകളിലും സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള വിശേഷാല്‍ചട്ടങ്ങളിലെ ഭേദഗതി പരിശോധനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1.02 ലക്ഷം പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ തസ്തികകള്‍ക്ക് 501 റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്. 59,215 ഉദ്യോഗാര്‍ത്ഥികള്‍ ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രളയ ദുരന്തത്തിന് ഇരയായ 6,92,966 കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഉപയോഗിച്ച് 10,000 രൂപയുടെ അടിയന്തര സഹായം നല്‍കിയിട്ടുണ്ട്. സഹായം ലഭിച്ചിട്ടില്ലാത്ത 98,181 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 85,141 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളത് മെയ് അവസാനത്തോടെ തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

