പ്രളയം: ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പുതിയ കമ്മിറ്റി

പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് പഠനം നടത്താനാണ് തീരുമാനം.

Update: 2019-08-29 11:55 GMT

തിരുവനന്തപുരം: പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആവാസവ്യവസ്ഥ-ഭൂവിനിയോഗം സംബന്ധിച്ച് ഗൗരവമായ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് പഠനം നടത്താനാണ് തീരുമാനം.

ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധന്‍ കൂടിയായ കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രഫ. കെ പി സുധീര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. ഇതിനുപുറമെ ഈ സമിതിയില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗമായിരിക്കും. ഈ സമിതി മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങള്‍

1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.

2. തീവ്രമായ മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിന്റെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.

3. പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും അത്തരം ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.

4. ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റിക്ക് ആവശ്യമെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിനുശേഷം 'ബില്‍ഡ് ബാക്ക് ബെറ്റര്‍' എന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി 'റൂം ഫോര്‍ റിവര്‍' പ്രോജക്ട് തുടങ്ങിയ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്.

Tags:    

Similar News