ഹിമാചല്‍ മന്ത്രിസഭാ രൂപീകരണം നിയമസഭാ സമ്മേളനത്തിനുശേഷം

Update: 2022-12-16 03:34 GMT

ന്യൂഡല്‍ഹി: നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മന്ത്രിസഭാ രൂപീകരണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹിമാചല്‍ മന്ത്രിസഭ ഉടന്‍ രൂപീകരിക്കുമെന്നും അതിനനുസരിച്ച് നിങ്ങളെ അറിയിക്കുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് സുഖ്‌വിന്ദര്‍ സിങ് ഡല്‍ഹിയിലെത്തുന്നത്. ഐക്യത്തോടെ തുടരാനും അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കിടാനും ഖാര്‍ഗെ എംഎല്‍എമാരോട് അഭ്യര്‍ഥിച്ചു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധം നിലനില്‍ത്താനും ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ ആത്മാര്‍ഥമായി സേവിക്കാനും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാരിലെ എല്ലാ ഒഴിവുകളും നികത്തണമെന്നും ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ഉടന്‍ നിയമനം നടത്തണമെന്നും ഖാര്‍ഗെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞു.

മലയോര മേഖലയില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായ അധികാര വിഹിതമുണ്ടെന്ന് പാര്‍ട്ടി ഉറപ്പാക്കണമെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 'ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയതിനാല്‍ അദ്ദേഹത്തോട് നന്ദി പറയാന്‍ വന്നതാണ്. 40 എംഎല്‍എമാരും പിസിസി മേധാവി പ്രതിഭാ സിങ്ങും വന്ന് ഖാര്‍ഗെക്ക് നന്ദി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് ഹിമാചലിലെ ജനങ്ങള്‍ക്കും നന്ദി'- മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷനും എഐസിസി സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ലയും യോഗത്തില്‍ പങ്കെടുത്തു.

Tags: