ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇതു സംബന്ധിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും പോലിസ് ആവശ്യപ്പെട്ട വിദഗ്ദ്ധാഭിപ്രായം അടിയന്തിരമായി ലഭ്യമാക്കി കൊച്ചി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.മല്‍സ്യ തൊഴിലാളിയും ചെല്ലാനം മറുവക്കാട് സ്വദേശിയുമായ വി ആര്‍ ജയകുമാറിന്റെ ഭാര്യ നിഷാമോളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജയകുമാറാണ് പരാതി നല്‍കിയത്

Update: 2019-07-04 12:51 GMT

കൊച്ചി: ഡോക്ടറുടെ സേവനം യഥാസമയം ലഭിക്കാതെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ഒരു റിവോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇതു സംബന്ധിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും പോലിസ് ആവശ്യപ്പെട്ട വിദഗ്ദ്ധാഭിപ്രായം അടിയന്തിരമായി ലഭ്യമാക്കി കൊച്ചി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.കേസ് ആഗസ്റ്റില്‍ കളമശേരി റസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

മല്‍സ്യ തൊഴിലാളിയും ചെല്ലാനം മറുവക്കാട് സ്വദേശിയുമായ വി ആര്‍ ജയകുമാറിന്റെ ഭാര്യ നിഷാമോളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജയകുമാറാണ് പരാതി നല്‍കിയത്.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ പ്രതിഭയാണ് നിഷാമോളെ ചികില്‍സിച്ചിരുന്നത്. 2017 സെപ്റ്റംബര്‍ 27 ന് നിഷാമോള്‍ ഡോക്ടറെ കാണാന്‍ ഡോക്ടറുടെ വീട്ടിലെത്തി. വേദന തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. വൈകിട്ട് അഞ്ചിന് പ്രസവവേദന അനുഭവപ്പെട്ടു. രാത്രി 10 ന് ഗര്‍ഭസ്ഥശിശു മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. അമ്മ കഷ്ടിച്ച് രക്ഷപ്പെട്ടു.കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ആരോഗ്യവകുപ്പ് ഡയറക്ടറും പോലിസും അനേ്വഷണം നടത്തി. ഡോ. പ്രതിഭയുടെ ഡ്യൂട്ടി സമയം 2017 സെപ്റ്റംബര്‍ 27 ന് രാത്രി 8 മുതല്‍ 28 ന് രാവിലെ 8 വരെയായിരുന്നുവെന്നും നിഷാമോള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടറെ അറിയിച്ചിട്ടും അവര്‍ എത്തിയത് രാത്രി 8.50 നാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. 2017 സെപ്റ്റംബര്‍ 27 ന് രാത്രി 8 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശാന്തി ഡ്യൂട്ടിസമയം തീരുന്നതിന് മുമ്പ് ആശുപത്രി വിട്ടതായും റിപോര്‍ട്ടില്‍ പറയുന്നു.

നിഷാമോള്‍ക്ക് ഡ്യൂട്ടി ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. ഗൈനക്കോളജിസ്റ്റിന്റെ സേവനം കൃത്യമായി ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്ന് പരാതിക്കാരന്‍ അറിയിച്ചു. സ്വകാര്യ ക്ലിനിക്കിലെ രോഗികള്‍ തീരാത്തതുകൊണ്ടാണ് ഡോ. പ്രതിഭ ആശുപത്രിയില്‍ എത്താതിരുന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു.ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഇവരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. വിശദീകരണം ലഭിച്ചാലുടന്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ക്രൈം 1851/18 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് പറയുന്നു. പ്രാഥമികാനേ്വഷണ റിപോര്‍ട്ടും മൊഴികളും ജില്ലാമെഡിക്കല്‍ ബോര്‍ഡ് കൂടി വിദഗ്ദ്ധഭിപ്രായം ലഭിക്കുന്നതിന് 2018 നവംബര്‍ 7 ന് എറണാകുളം ജില്ലാ മെഡിക്കല്‍ ബോര്‍ഡിന് കൈമാറിയിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. 

Tags:    

Similar News