റണ്‍വേയില്‍ വെള്ളം കയറി; നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങല്‍തോട് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് റണ്‍വേയിലേക്കു വെള്ളംകയറിയത്. ഇതോടെ വ്യാഴാഴ്ച രാത്രി 12 വരെ വിമാനത്താവളം അടയ്ക്കുകയായിരുന്നു.

Update: 2019-08-08 16:15 GMT

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങല്‍തോട് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് റണ്‍വേയിലേക്കു വെള്ളംകയറിയത്. ഇതോടെ വ്യാഴാഴ്ച രാത്രി 12 വരെ വിമാനത്താവളം അടയ്ക്കുകയായിരുന്നു.

വെള്ളം പുറത്തേക്കു പമ്പുചെയ്തുകളയാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ വിജയകരമാവുന്നില്ല. ഇതോടെയാണ് വിമാനത്താവളം അടച്ചതിന്റെ സമയദൈര്‍ഘ്യം നീട്ടിയത്. കൊച്ചിയിലേക്കു വരുന്നതും പോവുന്നതുമായ 20 വിമാനങ്ങളുടെ സര്‍വീസിനെയാണ് മഴ ഇതുവരെ പ്രതികൂലമായി ബാധിച്ചത്. കൊച്ചിയിലേക്കുവരുന്ന വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ ഇറക്കി. കൊച്ചിയില്‍നിന്നു പോവേണ്ട വിമാനങ്ങളുടെ സര്‍വീസ് വെള്ളിയാഴ്ചത്തേക്കു മാറ്റി. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വ്യാഴാഴ്ച പുലര്‍ചെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടിരുന്നു.

ദുബായില്‍നിന്നെത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, അബുദാബിയില്‍നിന്നുവന്ന ഇത്തിഹാദ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണ് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടത്. വെള്ളം പൂര്‍ണായും പമ്പുചെയ്താല്‍ വെള്ളിയാഴ്ച രാവിലെ വിമാനത്താവളം തുറക്കുമെന്നാണ് സിയാല്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മഹാപ്രളയസമയത്തു വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയതിനാല്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബന്ധപ്പെടാനുള്ള എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പര്‍: 0484-3053500.

Tags:    

Similar News