ദേശീയപാതവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കലിനെതിരെ കൂനമ്മാവില്‍ ഇന്ന് തീമതില്‍

വൈകിട്ട് 4.30ന് കൂനമ്മാവ് ചിത്ര ജംഗ്ഷനിലാണ് തീ മതില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയോട് എതിര്‍പ്പുള്ള ആയിരക്കണക്കിനാളുകള്‍ തീ മതിലില്‍ അണിചേരും.

Update: 2019-01-16 06:38 GMT

കൊച്ചി: ദേശീയപാത വികസനത്തിന്റെ പേരില്‍ ഒരിക്കല്‍ കുടിയിറക്കിയവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍എച്ച് 17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തീമതില്‍. വൈകിട്ട് 4.30ന് കൂനമ്മാവ് ചിത്ര ജംഗ്ഷനിലാണ് തീ മതില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയോട് എതിര്‍പ്പുള്ള ആയിരക്കണക്കിനാളുകള്‍ തീ മതിലില്‍ അണിചേരും.

ഏറ്റെടുത്ത 30 മീറ്ററില്‍ അടിയന്തരമായി ആറുവരിപ്പാത നിര്‍മ്മിക്കുക, അല്ലെങ്കില്‍ 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക, ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് ജംഗ്ഷനില്‍ അടക്കം എല്ലാ കവലകളിലും അനേകം കുടുംബങ്ങളെ തെരുവാധാരമാക്കുന്ന നിര്‍ദ്ദിഷ്ട 45 മീറ്റര്‍ അലൈന്‍മെന്റും പദ്ധതിയും ഉപേക്ഷിക്കുക, ദേശീയപാതയില്‍ ഭീമമായ ടോള്‍ ഏര്‍പ്പെടുത്താനുളള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.രണ്ടായിരത്തിലധികം കുടുംബങ്ങള്‍ പദ്ധതിക്കെതിരെ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍ പുനരാലോചനക്ക് തയ്യാറാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി നോട്ടിഫിക്കേഷന്‍ ഇറക്കിയതിനെക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ പദ്ധതിക്കെതിരെ രേഖാമൂലം വിയോജിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിക്കെതിരെ പ്രമേയങ്ങള്‍ പാസാക്കിയിട്ടുമുണ്ട്. 2013 ലെ പുതിയ നിയമമനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രചരിപ്പിക്കുന്ന ഭരണകൂടം 1956ലെ പൊന്നുംവില നിയമമനുസരിച്ചാണ് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുള്ളത്. ഹൈവേ നിയമമനുസരിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയവരെ നേരില്‍ വിളിച്ച് ഹിയറിങ് നടത്തി അക്കാര്യത്തില്‍ അന്വേഷണം നടത്തി തീരുമാനമായതിനു ശേഷം മാത്രമേ വസ്തുവകകളില്‍ കടന്ന് അളവും സര്‍വ്വേ നടപടികളും നടത്താന്‍ പാടുള്ളൂ എന്നിരിക്കെ ഇന്നുമുതല്‍ മൂത്തകുന്നത്തുനിന്ന് ഭൂമി അളന്നെടക്കാനുളള നീക്കം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്.

സാമൂഹിക പാരിസ്ഥിതിക ആഘാതപഠനം, വിശദ പദ്ധതി രേഖ, സാങ്കേതിക അനുമതി, ഭരണാനുമതി തുടങ്ങിയ നിയമപരമായ കാര്യങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഭൂമിയില്‍ കടന്ന് ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.



Tags:    

Similar News