സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി; പാലാ ബിഷപ്പിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്

Update: 2021-09-15 07:40 GMT

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് രംഗത്ത്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി മാറിയെന്നും സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചു. സൗഹൃദങ്ങളുടെ സംഭാഷണ വഴിയില്‍നിന്ന് ബിഷപ്പ് വഴുതിമാറി. അദ്ദേഹം തയ്യാറായത് തര്‍ക്ക യുദ്ധത്തിനാണ്. മാര്‍പാപ്പയുടെ നിലപാട് പിന്തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ചരിത്രമാണോ അദ്ദേഹത്തിന്റെ സങ്കല്‍പമാണോ എന്ന് ഉറപ്പില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ചരിത്രം ആണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോള്‍ തേലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നല്‍കുന്ന ഒരുവിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്.

മുസ്‌ലിംകള്‍ അല്ലാത്തവര്‍ ഇല്ലാതാവണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാംപില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാവുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും സിഎസ്‌ഐ സഭ അടക്കമുള്ളവര്‍ പാലാ ബിഷപ്പിനെതിരേ രംഗത്തുവന്നപ്പോള്‍ കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബിഷപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

Tags:    

Similar News