മുത്തൂറ്റ് സമരം: ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം; ചര്‍ച്ചയുമായി മാനേജ്‌മെന്റ് സഹകരിക്കണം: ഹൈക്കോടതി

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൊഴിലാളി നേതാക്കളുമായും സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായും സഹകരിക്കാത്ത മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാടും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു.

Update: 2019-09-19 07:11 GMT

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടന്നുവരുന്ന തൊഴിലാളി സമരങ്ങളില്‍ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം അത് തുടരാം. സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അതേസമയം, ജോലിക്കെത്തുന്നവരെ തടയാന്‍ പാടില്ല. ജോലിക്ക് ഹാജരാവാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നകാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമുണ്ടാവരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൊഴിലാളി നേതാക്കളുമായും സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായും സഹകരിക്കാത്ത മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാടും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായി മുത്തൂറ്റ് മാനേജ്‌മെന്റ് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല. മുത്തൂറ്റ് മാനേജ്‌മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തിയത്. മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 31 ദിവസമായി. ഇതുസംബന്ധിച്ച മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്നലെയും തീരുമാനമാവാതെ പിരിഞ്ഞത്. മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോണ്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി.

തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ധനകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു താല്‍ക്കാലിക വര്‍ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്‌മെന്റ് അത് അംഗീകരിച്ചില്ല. കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ സിഐടിയുവിന്റെ പിന്തുണയോടെ ഒരുവിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. 

Tags:    

Similar News