പൗരത്വനിഷേധം: പ്രതിരോധക്കോട്ട തീർത്ത് പത്തനംതിട്ട നഗരം

വർഗീയത പ്രചരിപ്പിച്ച് ഹിന്ദു രാഷ്ട്രമെന്ന അജണ്ട സ്വപ്നം കാണുന്ന ബിജെപി- ആർഎസ്എസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പരിപാടിയിൽ അലയടിച്ചത്.

Update: 2020-01-19 05:43 GMT

പത്തനംതിട്ട: നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ പത്തനംതിട്ട നഗരത്തിൽ പ്രതിരോധക്കോട്ട തീർത്ത് പൗരസമൂഹം. പൗരത്വ നിഷേധത്തിനെതിരേ ജില്ലാ ആസ്ഥാനത്ത് സംയുക്ത ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പൗരത്വ സംരക്ഷണ റാലിയും പൊതുസമ്മേളനവും മോദി ഭരണകൂടത്തിനെതിരായ താക്കിതായി മാറി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റിൽ സമാപിച്ച പൗരത്വ സംരക്ഷണ റാലിയിൽ ആയിരങ്ങൾ അണിനിരന്നതോടെ നഗരം നിശ്ചലമായി.


മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരൻമാരെ പകുത്തുമാറ്റി ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘപരിവാരനീക്കങ്ങളെ ജീവൻ നൽകിയായാലും ചെറുത്തു തോൽപ്പിക്കുമെന്ന സന്ദേശമാണ് റാലിയിൽ മുഴങ്ങിയത്. വർഗീയത പ്രചരിപ്പിച്ച് ഹിന്ദു രാഷ്ട്രമെന്ന അജണ്ട സ്വപ്നം കാണുന്ന ബിജെപി- ആർഎസ്എസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പരിപാടിയിൽ അലയടിച്ചത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികേടുകൾ തുറന്നുകാട്ടുന്ന മുദ്രാവാക്യങ്ങളും ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് ജില്ലയിലെ വിവിധ ജമാഅത്തുകളിൽ നിന്നുള്ളവർ പ്രകടനത്തിൽ അണിനിരന്നത്. പൊതുസമ്മേളന നഗരിയിലെ സ്ത്രീ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി.


മന്ത്രി എം എം മണി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവരാണ് നാട് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ഹിന്ദുവികാരം ഇളക്കിവിട്ട് ഫാസിസ്റ്റുകൾ വളരുന്നു. അവരെ ചെറുത്തു നിൽക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. 1925 മുതൽ ന്യുനപക്ഷങ്ങളെ കശാപ്പ് ചെയ്താണ് ആർഎസ്എസ് രാജ്യത്ത് വേരുറപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത ജമാഅത്ത് കമ്മിറ്റി ചെയർമാൻ ഷാജഹാൻ അധ്യക്ഷത വഹിച്ചു.


മൂസാ മൗലവി വിഷയാവതരണം നടത്തി. വി എച്ച് അലിയാർ മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. രാജ്യത്ത് ഭരണകൂടം സൃഷ്ടിച്ച കലാപമാണിതെന്ന് അദ്ദേഹം പറഞ്ഞു. സവർണാധിപത്യത്തോട് മാത്രമാണ് പ്രധാനമന്ത്രിക്ക് താൽപര്യമുള്ളത്. സവർണ ഇന്ത്യയാണ് മോദി ഭരണകൂടം സ്വപ്നം കാണുന്നത്. ഇന്ത്യാ രാജ്യത്ത് നിന്നും മുസ്ലിമിനോട് പോവാൻ പറയാൻ ഒരു ആൺകുട്ടി പോലും ജനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ അംബുജാക്ഷൻ, ആന്റോ ആന്റണി എംപി, വീണാ ജോർജ് എംഎൽഎ, എ പി ജയൻ, അൻസാരി ഏനാത്ത്, സാദിഖ് അഹമ്മദ്, ടി എം ഹമീദ്, അബ്ദുൽ ഷുക്കൂർ മൗലവി, സക്കീർ ഹുസയ്ൻ, എൻ ഷംസുദീൻ സംസാരിച്ചു. 

Tags:    

Similar News