യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി

പോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതി നടത്തിയ അഭിമുഖത്തില്‍ സിപിഎം അനുഭാവിക്ക് ഒന്നാം റാങ്ക് നല്‍കിയത്.

Update: 2020-06-22 12:12 GMT

തിരുവനന്തപുരം: യോഗ്യതയില്ലാത്തവരെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ അധാര്‍മികനീക്കമാണ് നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചീഫ് സെക്രട്ടറിയ്ക്ക് തുല്യപദവിയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം. മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി ഇത്തരമൊരു നിയമനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ച വ്യക്തി സിപിഎം അനുഭാവിയാണെന്നതാണ്.

സ്വജനപക്ഷപാതത്തിന് പേരുകേട്ട സര്‍ക്കാരില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതിക്ഷിക്കേണ്ടതില്ല. ചെയര്‍മാന്‍ പദവിക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിക്ക് കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം ഉണ്ടാവണമെന്നാണ് ചട്ടം. ഇതൊഴിവാക്കിയാണ് സാമൂഹ്യക്ഷേമ വകുപ്പ് തലശ്ശേരിക്കാരനായ സിപിഎം അനുഭാവിയെ നിയമിക്കുന്നത്.

10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെന്ന നിബന്ധന തിരുത്തി പകരം ശിശുക്ഷേമ മേഖലയിലെ പ്രവര്‍ത്തന പരിചയമെന്നാക്കി. പോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതി നടത്തിയ അഭിമുഖത്തില്‍ സിപിഎം അനുഭാവിക്ക് ഒന്നാം റാങ്ക് നല്‍കിയത്.

ഒന്നാം റാങ്കുകാരനായ ഇദ്ദേഹത്തിന് ഒരു സ്‌കൂള്‍ പിടിഐയിലും മാനേജ്മെന്റിലും മൂന്നുവര്‍ഷത്തെ പരിചയസമ്പത്താണ് ബയോഡാറ്റയില്‍ നല്‍കിയിട്ടുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അറിവോടെയാണ് സ്വന്തം നാട്ടുകാരനായ സിപിഎം അനുഭാവിയെ അധികാരദുര്‍വിനയോഗത്തിലൂടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.  

Tags:    

Similar News